s
ലഹരിവിരുദ്ധ പ്രവർത്തനം

ലഹരിവിരുദ്ധ പ്രവർത്തനം ശക്തമാക്കാൻ വിവിധ പരിപാടികൾ

ചേർത്തല: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗ്രാമവാസികളുടെ കൂട്ടനടത്തം സംഘടിപ്പിക്കും. 'നല്ല നടപ്പ് 'എന്ന പേരിൽ ഒരുക്കുന്ന കൂട്ടനടത്തം വാർഡിന്റെ ഒര​റ്റത്ത് നിന്ന് ആരംഭിച്ച് മ​റ്റൊരു സ്ഥലത്ത് അവസാനിക്കും.കുടുംബാംഗങ്ങൾ കൂട്ടമായി നടത്തത്തിൽ അണിനിരക്കും.പതിനെട്ടു വാർഡുകളിലും പ്രമുഖർ ഫ്ളാഗ് ഒഫ് ചെയ്യും. പരിപാടികൾ ഏകോപിപ്പിക്കാനായി ചേർന്ന പഞ്ചായത്തുതല കാമ്പയിൻ കമ്മി​റ്റി രൂപീകരണ യോഗം ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.പി. ദിലീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അഡ്വ എം.സന്തോഷ്‌കുമാർ പരിപാടികൾ വിശദീകരിച്ചു.സെക്രട്ടറി പി.ഗീതാകുമാരി സ്വാഗതം പറഞ്ഞു.

പഞ്ചായത്തിലെ എല്ലാവാർഡുകളിലും ലഹരി വിരുദ്ധ കാമ്പയിൻ അജണ്ട വച്ച് മുഴുവൻ ഗ്രാമസഭകളും 6,7 തീയതികളിലായി ചേരും.
എക്‌സൈസ്,പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ ഫാക്കൽട്ടി അംഗങ്ങളും ക്ലാസുകൾ നയിക്കും. ഇവിടെ രൂപീകരിക്കുന്ന
വാർഡുതല സമിതികളുടെ നേതൃത്വത്തിൽ വാർഡുകളിലെ ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തും.അവിടം കേന്ദ്രീകരിച്ച് വൈവിദ്ധ്യമാർന്ന പരിപാടികൾക്ക് രൂപം നൽകും.അയൽക്കൂട്ടം അടിസ്ഥാനത്തിൽ കുടുംബ കൂട്ടായ്മകൾ സംഘടിപ്പിക്കും. പഞ്ചായത്തംഗം ഫെയ്സി വി ഏറനാടിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായി ഒരുക്കിയ ഷോർട്ട് ഫിലിം കുടുംബ സംഗമങ്ങളിൽ പ്രദർശിപ്പിക്കും

കേരളപ്പിറവി ദിനത്തിൽ കുടുംബ ചങ്ങല

കേരളപ്പിറവി ദിനത്തിൽ പഞ്ചായത്തിലെ പതിനായിരത്തോളം വീട്ടുമു​റ്റങ്ങളിൽ കുടുംബ ചങ്ങല തീർക്കും.കുടുംബാംഗങ്ങൾ കണ്ണികളാകുന്ന ചങ്ങല വീട്ടിലെ പ്രായം കുറഞ്ഞയാൾ ചൊല്ലിത്തരുന്ന പ്രതിജ്ഞ ഏ​റ്റുചൊല്ലി അവസാനിക്കും. പ്രതിജ്ഞ പഞ്ചായത്ത് അച്ചടിച്ച് വീടുകളിൽ എത്തിക്കും.ലഹരി വിരുദ്ധ കാമ്പയിനിൽ എല്ലാ വിഭാഗം ജനങ്ങളും നേരിട്ട് പങ്കെടുക്കുന്ന വിധമാണ് പഞ്ചായത്ത് പരിപാടികൾ തയ്യാറാക്കിയിട്ടുള്ളത്. കലാജാഥകളും ദീപം തെളിക്കലും പൂന്തോട്ട നിർമ്മാണവും പുസ്തക കേന്ദ്രങ്ങളുടെ സ്ഥാപനവുമൊക്കെ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും