hdjsj
പൊട്ടിപ്പൊളിഞ്ഞ ഉമ്മർമുക്ക്-ചക്കിലിക്കടവ് റോഡ്

ഹരിപ്പാട് : കായംകുളം -കാർത്തികപ്പള്ളി റോഡിൽ നിന്ന് തീരദേശത്തേക്കുള്ള പ്രധാന പാതകളിലൊന്നായ ഉമ്മർമുക്ക് -ചക്കിലിക്കടവ് റോഡ് പൊട്ടിത്തകർന്നു കിടക്കുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ. മൂന്ന് വർഷം മുമ്പ് പുനർനിർമ്മിച്ച റോഡ് അധികനാൾ കഴിയും മുമ്പേ പൊട്ടിപ്പൊളിയുകയായിരുന്നു. ഉമ്മർമുക്കിനു പടിഞ്ഞാറ്, ശ്രീകേശ് ജംഗ്ഷനു സമീപം, കറുത്തേരി തുടങ്ങിയ ഭാഗങ്ങളിലാണ് റോഡ് കൂടുതൽ തകർന്നു കിടക്കുന്നത്. ഒറ്റമഴയിൽ തന്നെ കുഴികളിൽ വെള്ളം നിറയുന്നതിനാൽ യാത്ര ദുഷ്കരമാകും.

കായംകുളം - കാർത്തികപ്പളളി റോഡിലേക്ക് പ്രവേശിക്കുന്നിടത്തും കുഴികൾ രൂപപ്പെട്ടിട്ടുള്ളതിനാൽ പ്രധാനപാതയിലേക്ക് കയറുന്നവർ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. കുരുംബകര ദേവീക്ഷേത്രത്തിലേക്കു പോകുന്ന ഭക്തരും സ്‌കൂൾ കുട്ടികളുമടക്കും നൂറുകണക്കിനു പേരാണ് ദിനംപ്രതി ഇതുവഴി സഞ്ചരിക്കുന്നത്. കുഴികളിൽ വെള്ളക്കെട്ടാകുമ്പോൾ വിദ്യാർത്ഥികൾ കാൽനടയായും സൈക്കിളിലും വളരെ ബുദ്ധിമുട്ടിയാണ് റോഡിലൂടെ യാത്ര ചെയ്യുന്നത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡ് പുനർനിർമ്മിച്ച് അധികനാൾ കഴിയും മുമ്പേ കുണ്ടും കുഴിയുമായി മാറി. നിർമ്മാണത്തിലെ അപാകതയാണ് കാരണം. റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം

- സതീഷ് (പ്രദേശവാസി)

കഴിഞ്ഞ മഴസമയത്ത് ഈ റോഡിലെ കുഴിയിൽ വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെള്ളക്കെട്ടായാൽ കുഴി കാണാൻ കഴിയാത്ത സ്ഥിതിയാണ്

- രാകേഷ് , യാത്രക്കാരൻ