1
പടം

കുട്ടനാട് : മാമ്പുഴക്കരി ജംഗ്ഷനിൽ വാട്ടർ അതോറിട്ടിയുടെ പഴയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിച്ചതോടെ കുട്ടനാട്ടിലെ നിരവധി ഭാഗങ്ങളിൽ കുടിവെള്ളം കിട്ടാതായി. എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് മുമ്പുണ്ടായിരുന്ന 400 എം.എം കാസ്റ്റ് അയൺ പൈപ്പ് മാറ്റി പകരം 160 എം.എം പി.വി.സി പൈപ്പ് സ്ഥാപിച്ചത്.

ചെറിയ പൈപ്പായതോടെ വെള്ളം ഒഴുകിയെത്തുന്നത് കുറഞ്ഞതിനാൽ കുട്ടനാട്ടിലെ നൂറ് കണക്കിന് ഹൗസ് കണക്‌ഷനുകളിലും പാതയോരങ്ങളിലെ പൊതുടാപ്പുകളിലും വെള്ളമെത്താതായി. രാമങ്കരി പഞ്ചായത്തിലെ പുതുവൽ പുതുക്കരി, ഇരുന്നൂറിൻ ചിറ കോളനികൾക്കു പുറമേ പുതുക്കരി, തെക്കേ പുതുക്കരി ,അമ്പലംതറ, നാഗവള്ളി ഊരുക്കരി, കനത്താരി, വേഴപ്ര മുന്നൂറിൻ ചിറ അരികോടിച്ചിറ, മണലാടി തുടങ്ങിയ പ്രദേശങ്ങളിലാണ് ആഴ്ചകളായി കുടിവെള്ളം ലഭിക്കാത്തത്.

കൂടിയാലോചനയില്ലാതെ പൈപ്പ് മാറ്റൽ

മോട്ടോർ ഉപയോഗിച്ച് പാടശേഖരങ്ങളിലെ വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുന്ന ജോലി ആരംഭിച്ചതോടെ അത്യാവശ്യ കാര്യങ്ങൾക്ക് പോലും പൊതുജലാശയങ്ങളെ ആശ്രയിക്കാൻ കഴിയാത്തതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. ഈ വെള്ളം ഉപയോഗിക്കുന്നത് പകർച്ചവ്യാധിക്ക് ഇടയാക്കും. എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായി ഊരാളുങ്കൽ സൊസൈറ്റിയും വാട്ടർ അതോറിട്ടി അധികൃതരും ചേർന്ന് വേണ്ടത്ര ആലോചനയില്ലാതെ പൈപ്പ് മാറ്റി സ്ഥാപിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

പൈപ്പ് മാറ്റിയിടുന്ന ജോലി ആരംഭിച്ചപ്പോൾ തന്നെ തങ്ങളുടെ ആശങ്ക പങ്കുവച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു . എന്നാൽ പ്രശ്നത്തിന് പരിഹാരം കാണാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറായില്ല. ബന്ധപ്പെട്ടവരുമായി ഒരു ചർച്ചപോലും നടത്താൻ പഞ്ചായത്ത് അധികൃതർ തയ്യാറാകാ‌തിരുന്നതാണ് പ്രശ്നം ഇത്രമേൽ രൂക്ഷമാക്കിയത്

- പ്രമോദ് ചന്ദ്രൻ, വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം

മാമ്പുഴക്കരി ജംഗ്ഷനിലെ പൈപ്പ് പൂർവ്വസ്ഥിതിയിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം. പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ കുടിവെള്ള പ്രശ്നം രൂക്ഷമായിടങ്ങളിൽ വാഹനങ്ങളിൽ വെള്ളമെത്തിക്കണം. രാമങ്കരിയിലെ ഓവർഹെ‌ഡ് ടാങ്കിൽ വെള്ളമെത്തിക്കാനും വിതരണം ചെയ്യാനുമുള്ള നടപടി വേഗത്തിലാക്കണം

- കെ.ഗോപകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി