മാവേലിക്കര: ദേവസ്വം ബോർഡ് നിയമനത്തട്ടിപ്പിൽ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ മടിച്ച് പൊലീസ്. നാലുകോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പിൽ പ്രതികൾക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തത് ഈ പൊലീസുകാരാണ്. 13 പേരെ അറസ്റ്റു ചെയ്തിട്ടും സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നീക്കവുമില്ല. എസ്.ഐമാരായ വർഗീസ്, ഗോപാലകൃഷ്ണൻ, ഹക്കീം എന്നിവരാണ് സസ്പെൻഷനിലുള്ളത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തംതിട്ട, കോട്ടയം ജില്ലകളിലായി നൂറിലധികം പേരിൽ നിന്നാണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 60 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ലക്ഷം മുതൽ 18.5 ലക്ഷം ഉദ്യോഗാർഥികളിൽ നിന്നു വാങ്ങിയത്. 2017ൽ ആരംഭിച്ച തട്ടിപ്പിനെപ്പറ്റി പരാതി ലഭിച്ചിട്ടും കാര്യമായ അന്വേഷണം നടത്താൻ മാവേലിക്കര പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.
ചെട്ടികുളങ്ങര കടവൂർ കല്ലിട്ട കടവിൽ വിനീഷ് രാജൻ (34), കടവൂർ സ്വദേശി രാജേഷ് (34), പേള പള്ളിയമ്പിൽ അരുൺ (24), കണ്ണമംഗലം സ്വദേശിനി ബിന്ദു (43), പല്ലാരിമംഗലം മങ്ങാട്ട് സന്തോഷ്കുമാർ (52), അനീഷ് (24), എസ്.ആദിത്യൻ (ആദി-22), ബിന്ദു (43), വൈശാഖ് (24), സി.ആർ. അഖിൽ (കണ്ണൻ-24), ഫെബിൻ ചാൾസ് (23), കെ.ജെ.സിനി (സിനി എസ്.പിള്ള-47), മകൻ അനന്തകൃഷ്ണൻ (അനന്തു- 23), കരുനാഗപ്പള്ളി കൊല്ലക വടക്കുംതല മൂന്ന് സെന്റ് കോളനിയിൽ രുദ്രാക്ഷ് (കുക്കു- 27) എന്നിവരാണ് അറസ്റ്റിലായത്. ചെട്ടികുളങ്ങര സ്വദേശി ദീപു ത്യാഗരാജൻ (34) അന്വേഷണത്തെത്തുടർന്ന് വിദേശത്തേക്കു കടന്നു. ഇയാളെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
# പണത്തിനു പകരം 'ഇടനില'
പണം തിരികെ ആവശ്യപ്പെട്ടവരെ ഇടനിലക്കാരാക്കി പുതിയ ഇരകളിൽ നിന്നു പണം വാങ്ങുമ്പോൾ ഇവർക്കു കമ്മിഷൻ നൽകുകയാണ് മുഖ്യ പ്രതികൾ ചെയ്തിരുന്നത്. പണം നഷ്ടമായവരെ ആസൂത്രിതമായി തട്ടിപ്പിൽ പങ്കാളികളാക്കുന്നതിൽ മുഖ്യ പ്രതികൾ വിജയിച്ചു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അഡ്വൈസ് മെമ്മോയുടെയും നിയമന ഉത്തരവിന്റെയും പകർപ്പും വ്യാജസീലും ഉൾപ്പെടെ തയ്യാറാക്കിയാണു തട്ടിപ്പു നടത്തിയത്. തട്ടിപ്പിന്റെ തുടക്കം മുതൽ പ്രതികൾക്ക് ആവശ്യമായ സംരക്ഷണം സസ്പെൻഷനിലായ പൊലീസുകാർ നൽകി.
ക്ലാർക്ക്, പ്യൂൺ, വാച്ചർ, കഴകം തുടങ്ങിയ തസ്തികകളിലാണ് വ്യാജ നിയമന ഉത്തരവ് നൽകിയത്. സീൽ എവിടെ തയ്യാറാക്കി എന്നതിൽ ഉൾപ്പെടെ അന്വേഷണം നടക്കുകയാണ്.