a

മാവേലിക്കര: റോഡ് മുറി​ച്ചു കടക്കവേ, സിഗ്നൽ പോയി​ന്റി​ൽ നി​ന്ന് മുന്നോട്ടെടുത്ത സ്വകാര്യ ബസി​നടി​യി​ൽപ്പെട്ട് വൃദ്ധയ്ക്ക് ദാരുണാന്ത്യം. ചെന്നിത്തല തൃപ്പെരുന്തുറ തെക്കേക്കൂറ്റ്‌ വീട്ടിൽ കോശി ജേക്കബിന്റെ ഭാര്യ റെയ്ച്ചൽ ജേക്കബ് (82) ആണ് ബസി​ന്റെ പി​ൻചക്രം തലയി​ലൂടെ കയറി​യി​റങ്ങി​ മരി​ച്ചത്.

മി​ച്ചൽ ജംഗ്ഷനി​ൽ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായി​രുന്നു അപകടം. പ്രാർത്ഥനയ്ക്ക് പോയ ശേഷം പുതിയകാവ് ഭാഗത്തു നിന്ന് മടങ്ങി ബസ് സ്റ്റാൻഡിലേക്ക് വരുന്നതി​നായി​ റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് റെയ്ച്ചലി​നെ, പുതിയകാവിൽ നിന്ന് സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് എത്തിയ സ്വാമി എന്ന ബസ് ഇടി​ച്ചു വീഴ്ത്തി​യത്. റെയ്ചലി​ന്റെ തലയിലൂടെ പിൻചക്രം കയറിയിറങ്ങി​. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കര പൊലീസ് മേൽനടപടി സ്വീകരിച്ചു. ഫയർ ഫോഴ്സ് എത്തി റോഡിലെ രക്തം കഴുകി മാറ്റി.

ഡ്രൈവറുടെ അശ്രദ്ധ

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് മാവേലിക്കര ജോയിന്റ് ആർ.ടി.ഒ ഡാനിയേൽ സ്റ്റീഫൻ. സിഗ്നൽ ലഭിക്കുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തോയെന്ന് നിരീക്ഷണ കാമറകൾ പരിശോധിച്ചും മറ്റും അന്വേഷണം നടക്കുകയാണ്.