t
t

സെഞ്ച്വറി തികച്ച് കാരറ്റും ബീൻസും

ആലപ്പുഴ: പച്ചക്കറി​യുടെ വി​ലക്കയറ്റം 'ഓണക്കാല പ്രതി​ഭാസ'മെന്ന വിലയിരുത്തൽ തെറ്റായിപ്പോയെന്ന് തെളിയിക്കുകയാണ് വിപണി. ഓണം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും വില കൂടുന്നതല്ലാതെ ഗുണപരമായ യാതൊരു മാറ്റവുമില്ല.

കാരറ്റ്, ബീൻസ് തുടങ്ങിയവയാണ് 'സെഞ്ച്വറി' വിലയിൽ നിന്ന് താഴാതെ നിൽക്കുന്നത്. തമിഴ്നാട്ടിലും, കർണാടകയിലും കഴിഞ്ഞ ആഴ്ചകളിൽ മഴ കടുത്തത് വിലയെ ബാധിക്കുന്നുണ്ട്. ഇതിനൊപ്പം നവരാത്രി വ്രതം ആരംഭിച്ചതും വിലക്കയറ്റത്തിന് കാരണമായി. ഓണസമയത്ത് 120 രൂപയിലെത്തിയ കാരറ്റിന് ഇന്നലെ വിപണി വില 140 രൂപയാണ്. തക്കാളി വില 25ൽ നിന്ന് 50ലെത്തി. ഒട്ടുമിക്ക ഇനങ്ങൾക്കും 10 മുതൽ 25 രൂപവരെയാണ് കൂടിയത്. ബീൻസ്, ബീറ്റ്റൂട്ട്, പയർ തുടങ്ങി എല്ലാത്തിനെയും വിലക്കയറ്റം തൊട്ടുതലോടി നി​ൽക്കുകയാണ്.

ഓണക്കാലത്ത് ഡിമാൻഡ് കൂടിയ ചെറുനാരങ്ങയ്ക്ക് തൊട്ടാൽ പൊള്ളുന്ന വിലയായി​. ഒരു കിലോ നാരങ്ങയ്ക്ക് 100-120 രൂപയായിട്ടുണ്ട്. നവരാത്രിയോടനുബന്ധിച്ച് മത്സ്യവും മാംസവും ഒട്ടുമിക്ക വീടുകളിലും നിന്ന് അകറ്റിനിറുത്തപ്പെട്ടതിനാൽ പച്ചക്കറിയുടെ ഡിമാൻഡ് ഇനിയും വർദ്ധിക്കും. വിജയദശമി കഴിയുംവരെ വിലയിൽ കാര്യമായ ഇടിവ് പ്രതീക്ഷിക്കേണ്ടെന്ന് വ്യാപാരികൾ പറയുന്നു.

# വില കിലോയ്ക്ക്

കാരറ്റ്: 140

ബീൻസ്: 100

ബീറ്റ്റൂട്ട്: 60

തക്കാളി: 50

കോവയ്ക്ക: 60

വെണ്ടയ്ക്ക: 50

ഓണം കഴിയുമ്പോൾ വില കുറയുമെന്ന പ്രതീക്ഷ വെറുതെയായി. അത്യാവശ്യക്കാർ പോലും അളവ് കുറച്ചാണ് സാധനങ്ങൾ വാങ്ങുന്നത്. വ്രതമെടുക്കുന്നവർ പച്ചക്കറി തേടിയെത്തുന്നുണ്ടെങ്കിലും വില അറിയുമ്പോൾ ഇഷ്ട വിഭവങ്ങൾ പോലും ചുരുക്കുകയാണ് പലരും

നാസർ, പച്ചക്കറി വ്യാപാരി