photo-
ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ്

ചുനക്കര സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് നോക്കുകുത്തി

ചാരുംമൂട് : സ്ഥിരം ഡ്രൈവറില്ലാത്തതിനാൽ ചുനക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിനനുവദിച്ച ആംബുലൻസ് നോക്കുകുത്തിയായി മാറി. മാവേലിക്കര മുൻ എം.എൽ.എ ആർ.രാജേഷിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 17.8 ലക്ഷം മുടക്കി ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് വാങ്ങി നൽകിയ ആംബുലൻസാണ് ഡ്രൈവറെയും കാത്ത് മാസങ്ങളായി ഷെഡിൽ കിടക്കുന്നത്.

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് സാമൂഹ്യാരോഗ്യ കേന്ദ്രം. കരാർ അടിസ്ഥാനത്തിൽ ആംബുലൻസിന് ഡ്രൈവറെ നിയമിക്കേണ്ടതും ബ്ളോക്ക് പഞ്ചായത്താണ്.സ്വകാര്യ ആംബുലൻസുകാരെ സഹായിക്കാനാണ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിന് ഡ്രൈവറെ നിയമിക്കാത്തതെന്ന് ആക്ഷേപമുണ്ട്.

ദിനംപ്രതി നൂറുകണക്കിന് രോഗികൾ ചികിത്സ തേടി എത്തുന്ന ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അത്യാസന്ന നിലയിലാകുന്ന രോഗികളെ കോട്ടയം,ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് എത്തിക്കുന്നതിനായിട്ടാണ് സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ചു ആംബുലൻസ് വാങ്ങിയത്. വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് ഒരു താത്കാലിക ഡ്രൈവറെ നിയമിച്ചെങ്കിലും ആംബുലൻസിന്റെ സേവനം ഇപ്പോഴും ആരോഗ്യ കേന്ദ്രത്തിൽ ലഭിക്കുന്നില്ലെന്നാണ് പരാതി.

ബ്ലോക്കിന്റെ കീഴിലുള്ള പാലിയേറ്റീവ് ഹോം കെയറിലേക്ക് ജീവനക്കാരെ കൊണ്ടുപോകാനാണ് ഇപ്പോൾ ആംബുലൻസ് ഉപയോഗിക്കുന്നത്. സ്ഥിരം ഡ്രൈവറെ നിയമിച്ച് പൊതുജനങ്ങൾക്ക് ആംബുലൻസിന്റെ സേവനം ഉറപ്പാക്കണം.

-രഞ്ജിത്ത് കരിമുളയ്ക്കൽ

ചുനക്കര ഗ്രാമപഞ്ചായത്തംഗം