അട്ടിമറിയെന്ന് ആരോപണം
ചേർത്തല : താലൂക്ക് ആശുപത്രിയിൽ സി.ടി സ്‌കാൻ മെഷീൻ പ്രവർത്തിക്കാതായിട്ട് 25 ദിവസം പിന്നിട്ടിട്ടും തകരാർ പരിഹരിക്കാൻ തയ്യാറാകാത്തതിനെതിരെ പ്രതിഷേധമുയരുന്നു. മെഷീൻ പ്രവർത്തിപ്പിക്കാത്തതിന് പിന്നിൽ അട്ടിമറിയാണെന്ന് ആക്ഷേപമുയരുന്നുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനുള്ള നീക്കമാണെന്നാണ് ആരോപണം.മെഷീന് തകരാറില്ലെന്നും ഇലക്ട്രിക്കൽ തകരാറുമാത്രമാണുള്ളതെന്നുമാണ് അറിയുന്നത്. ഒരു കോടിയിലേറെ വിലവരുന്ന സ്‌കാനിംഗ് മെഷീൻ താലൂക്ക് ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ 5000 മുതൽ 6000 രൂപ വരെ ചെലവുവരുന്ന സ്‌കാനിംഗിന് 2500 രൂപമാത്രമാണ് ഇവിടെ ചെലവ്. ആശുപത്രി മാനേജിംഗ് കമ്മിറ്റിക്ക് വലിയ വരുമാനമാർഗവുമായിരുന്നു.
ശരാശരി 10 മുതൽ 15പേരെങ്കിലും ദിവസേന സ്‌കാനിംഗ് മെഷീനെ ആശ്രയിച്ചിരുന്നു.
ഇലക്ട്രിക്കൽ ലൈനിലെ എർത്തിന്റെ തകരാർ 25 ദിവസം പിന്നിട്ടിട്ടും പരിഹരിക്കാത്തതാണ് അട്ടിമറിയാണെന്ന സംശയമുയർത്തുന്നത്. സ്‌കാനിംഗ് മെഷീന് തുടർച്ചയായി ഉണ്ടാകുന്ന തകരാറുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.രോഗികളിൽ ചിലർ ആരോഗ്യവകുപ്പിനും പരാതി നൽകി.
ഇലക്ട്രിക്കൽ തകരാർ മാത്രമല്ല. മെഷീനും തകരാറുകളുണ്ട്. ഇതുപരിഹരിച്ച് രണ്ടുദിവസത്തിനുള്ളിൽ പ്രവർത്തന സജ്ജമാക്കും.
- ആശുപത്രി സൂപ്രണ്ട്