photo
എസ്.എൻ.എം.ജി.ബി.എച്ച്.എസ്.എസ് സ്‌കൂൾ മന്ദിരം

ചേർത്തല : നഗരത്തിലെ ശ്രീനാരായണ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പൂർണമായി സംരക്ഷിക്കണമെന്ന് മനുഷ്യാവകാശകമ്മീഷൻ നിർദ്ദേശം നൽകി.ഗുരുദേവ പൈതൃക സംരക്ഷണ സമിതിക്കുവേണ്ടി പി.രാജേന്ദ്രപ്രസാദ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നിർദ്ദേശം.ശ്രീനാരായണഗുരു 1921ൽ ചേർത്തല നിവാസികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നൽകിയ മന്ദിരത്തിലാണ് സ്‌കൂളിന്റെ പ്രവർത്തനം.നിലവിൽ കാര്യമായ സംരക്ഷണമില്ലാതെ മന്ദിരംനശിച്ചുകൊണ്ടിരിക്കുകയാണെന്നു കമ്മീഷൻ നിരീക്ഷിച്ചു. ശ്രീനാരായണ ഗുരുവിന്റെ സ്മരണയ്ക്ക് ഉതകുന്നതും വിദ്യാഭ്യാസ മേഖലക്ക് പ്രയോജനകരവുമായ ചരിത്ര,ശാസ്ത്ര,സാങ്കേതിക മ്യൂസിയം സ്ഥാപിക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തിന് മുൻഗണന നൽകണമെന്നും കമ്മീഷനംഗം വി.കെ.ബീനാകുമാരി ചീഫ് സെക്രട്ടറിക്കു നിർദ്ദേശം നൽകി.
1000ത്തോളം വിദ്യാർഥികളും 40നടുത്ത് അദ്ധ്യാപകരും മ​റ്റുജീവനക്കാരുമുള്ള സ്‌കൂളിലെ കെട്ടിടങ്ങൾ നാശത്തിന്റെ വക്കിലാണ്.തുച്ഛമായ എണ്ണം ക്ലാസ് മുറികളിലാണ് കുട്ടികളുടെ പഠനം. പല ക്ലാസ് മുറികളും അൺഫിറ്റാണെന്നും കണ്ടെത്തിയിരുന്നു. നിലവിലെ ഓഫീസ് റൂം പ്രവർത്തിക്കുന്നത് ചോർന്നൊലിക്കുന്ന മുറികളിലാണ്.കുട്ടികൾക്കും ജീവനക്കാർക്കും പ്രാഥമികകൃത്യം നിർവഹിക്കുന്നതിനു പോലും സൗകര്യങ്ങളില്ല. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്ന് ചീഫ്‌സെക്രട്ടറിക്കു നിർദ്ദേശം നൽകി.