
ചാരുംമൂട് : ചുനക്കര കോമല്ലൂരിലുള്ള കുടുംബ ക്ഷേത്രമായ വേളൂർകാവ് ദുർഗാ ക്ഷേത്രത്തിന്റെ ഏറെ പഴക്കം ചെന്ന കളരി കത്തിനശിച്ചു. കളരിയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുള്ളതായാണ് പറയപ്പെടുന്നത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു ക്ഷേത്രത്തോട് ചേർന്നുള്ള കളരിയും ഓലമേഞ്ഞ ഷെഡും പൂർണമായും കത്തിനശിച്ചത്. ക്ഷേത്ര കാര്യദർശി വേളൂർ സ്വാമിയെന്നറിയപ്പെടുന്ന ശിവാനന്ദ സ്വാമി രാത്രി 12 മണിക്കു ശേഷമായിരുന്നു ഉറങ്ങാൻ കിടന്നത്. പുലർച്ചെ ക്ഷേത്രത്തിൽ നിന്നും തീ പടർന്നത് കണ്ട് അയൽവാസികൾ ഓടി എത്തുമ്പോഴാണ് വിവരമറിഞ്ഞതെന്ന് സ്വാമി പറഞ്ഞു. അയൽവാസികളും വീട്ടുകാരും ചേർന്നാണ് തീയണച്ചത്.കളരിയിലും ഷെഡിലും വൈദുതി കണക്ഷൻ ഉണ്ടായിരുന്നു. വർഷങ്ങളായി ഇവിടെ കെടാവിളക്കും തെളിക്കുന്നുണ്ട്. കളരിയിലാണ് സ്വാമി ജ്യോതിഷം - പരിഹാര ക്രിയകൾ എന്നിവ നടത്തിവരുന്നത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. കുറത്തികാട് പൊലീസ് എത്തി പരിശോധന നടത്തി.