മാരാരിക്കുളം: വിവിധ കമ്പനികളുടെ മെത്തകളും പ്ലാസ്റ്റിക് കസേരകളും സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ അഗ്നിബാധയിൽ രണ്ടേകാൽ കോടിയുടെ നഷ്ടം. ദേശീയപാതയിൽ കെ.എസ്.ഡി.പിക്ക് കിഴക്ക് മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ ആരാമം ജംഗ്ഷന് സമീപം ആലപ്പുഴ സ്വദേശി കുര്യൻ ജെയിംസിന്റെ ഉടമസ്ഥതയിലുള്ള കടവിൽ ട്രേഡിംഗ് കമ്പനി, ഒലിവ് മാർക്കറ്റിംഗ് ഏജൻസി എന്നീ സ്ഥാപനങ്ങളാണ് കത്തിനശിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയാണ് സംഭവം. അലുമിനിയം ഷീറ്റ് മേൽക്കൂരയായുള്ള, പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ കോടിയിലധികം രൂപയുടെ കിടക്കകളും കസേരകളും പൂർണമായും കത്തിനശിച്ചു. കെട്ടിടവും അഗ്നിക്കിരയായി. ഓഫീസിൽ സൂക്ഷിച്ചിരുന്ന സകല രേഖകളും കമ്പ്യൂട്ടറുകളും തീയിൽപ്പെട്ടു.
മെത്ത സൂക്ഷിച്ചിരുന്ന കിഴക്കുഭാഗത്ത് നിന്നാണ് തീ പടർന്നതെന്ന് ജീവനക്കാരി പറഞ്ഞു. ഒപ്പമുണ്ടായിരുന്നയാളെ അറിയിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവ സമയം ഈ രണ്ടു സ്ഥാപനത്തിലുമായി രണ്ടു യുവതികളും ഒരു യുവാവും മാത്രമാണ് ജോലിക്കാരായി ഉണ്ടായിരുന്നത്. ഇവർ പുറത്തേക്ക് ഓടിമാറിയതിനാൽ ആളപായമുണ്ടായില്ല. തീ ആളിപ്പടർന്നതോടെ നാട്ടുകാർ ഓടിക്കൂടി. മണ്ണഞ്ചേരി പൊലീസ് ഫയർഫോഴ്സിനെ വിവരം അറിയിച്ചെങ്കിലും അവർ എത്തിയപ്പോഴേക്കും കമ്പനിയുടെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 8 യൂണിറ്റ് ഫയർഫോഴ്സ് വാഹനങ്ങൾ എത്തി രണ്ടര മണിക്കൂറത്തെ തീവ്ര പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കിയത്. സമീപത്തായി കയർ ഫാക്ടറി, അവിൽ നിർമ്മാണ യൂണിറ്റ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്. കയർ ഫാക്ടറിയുടെ പിന്നിൽ സൂക്ഷിച്ചിരുന്ന കയറിനും തീപിടിച്ചു. ജില്ലാ ഫയർ ഓഫീസർ എം.രാമദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഇടപെടലാണ് വലിയ അത്യാഹിതം ഒഴിവാക്കിയത്.
തീപിടിത്തം അറിഞ്ഞയുടൻ കെ.എസ്.ഇ.ബി അധികൃതർ എത്തി വൈദ്യുതി വിച്ഛേദിച്ചു. റവന്യു വകുപ്പിന്റെ ദുരന്തനിവാരണ വിഭാഗവും സ്ഥലത്തെത്തി. ഓഫീസിൽ പണമായി സൂക്ഷിച്ചിരുന്ന 70,000 രൂപയും തീയിൽപ്പെട്ടു.