ന്യൂഡൽഹി:കോൺഗ്രസിനെ നിർമ്മിച്ചത് കമ്പ്യൂട്ടറും ട്വിറ്ററും കൊണ്ടല്ലെന്നും, താനടക്കമുള്ളവരുടെ രക്തം കൊണ്ടാണെന്നും ഗുലാം നബി ആസാദ്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് തുടക്കമിട്ട് ജമ്മുവിൽ നടന്ന മെഗാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ സമരം ചെയ്ത് പൊലീസ് ബസുകളിൽ സ്റ്റേഷനിലെത്തുന്ന നേതാക്കൾ ഡി.ജി.പിയെയോ കമ്മീഷണറെയോ വിളിച്ച് ഒരു മണിക്കൂറിനുള്ളിൽ പുറത്തിറങ്ങും. അവർ തങ്ങളെ നിരന്തരം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. പുതിയ പാർട്ടിയുടെ പേരും കൊടിയും ജനങ്ങൾ തീരുമാനിക്കുമെന്നും ജമ്മു സൈനിക ഗ്രൗണ്ടിൽ കൂടിയ അനുയായികളെ സാക്ഷിയാക്കി ഗുലാം നബി പ്രഖ്യാപിച്ചു.

പുതിയ പാർട്ടിയുടേത് ഹിന്ദുസ്ഥാനി പേരായിരിക്കും. സമ്പൂർണ്ണ സംസ്ഥാന പദവി, ഭൂമിയുടെ അവകാശം, കാശ്മീരികൾക്ക് തൊഴിൽ തുടങ്ങിയവ പുന:സ്ഥാപിക്കുന്നതിന് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കും. ആദ്യം ജമ്മു കാശ്മീർ കേന്ദ്രീകരിച്ചാകും പാർട്ടി പ്രവർത്തിക്കുക. ജമ്മു കാശ്മീർ തിരഞ്ഞെടുപ്പിന് ശേഷം ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. താൻ എപ്പോഴും ജമ്മു കാശ്മീരിലെ ജനങ്ങൾക്കൊപ്പമാണ്. ഇപ്പോൾ താൻ പാർട്ടിയിൽ സാധാരണക്കാരൻ മാത്രമാണെന്നും ആസാദ് പറഞ്ഞു.

ജമ്മു വിമാനത്താവളത്തിൽ ആസാദിന് വൻ സ്വീകരണമൊരുക്കിയിരുന്നു. അവിടെ നിന്ന് അദ്ദേഹത്തെ പൊതുയോഗം നടന്ന സൈനിക് സ്കൂളിലേക്ക് ഘോഷയാത്രയായാണ് പ്രവർത്തകർ ആനയിച്ചത്. ജമ്മു എയർപോർട്ട് റോഡിലെ സത്വാരി ചൗക്കിലുൾപ്പെടെ വഴി നീളെ കൂറ്റൻ ഹോഡിംഗുകളും ബാനറുകളും ഉയർത്തിയിരുന്നു. ഇരുപതിനായിരത്തിലേറെ പേർ പങ്കെടുത്ത റാലിയിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന 3,000 പേർ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായി സംഘാടകർ പറഞ്ഞു.ജമ്മു കാശ്മീരിനെ നാല് മേഖലകളായി തിരിച്ച് സെപ്തംബർ 12 വരെ ഗുലാം നബി പര്യടനം നടത്തും.