
ന്യൂഡൽഹി: കൊച്ചി മരടിലെ അനധികൃത നിർമ്മാണങ്ങൾക്ക് ഉത്തരവാദികളായവരെ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയ കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന് 10 ലക്ഷം രൂപ ടോക്കൺ തുകയായി നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. സംസ്ഥാന സർക്കാരിനാണ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകിയത്.
റിപ്പോർട്ട് തയ്യാറാക്കിയതിനുള്ള തുക കൈമാറാൻ നേരത്തെ
കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ തുക എത്രയെന്ന് വ്യക്തമാക്കിയിരുന്നില്ല. തുക എത്രയെന്ന് പറയാൻ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണനും തയ്യാറായില്ല. തുടർന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗർവാളാണ് 10 ലക്ഷം ടോക്കൺ തുകയായി നൽകാൻ കോടതിയിൽ ശുപാർശ ചെയ്തത്. ഈ നിർദ്ദേശം സംസ്ഥാന സർക്കാരും അംഗീകരിച്ചു.
കൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന് ചീഫ് ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കാനിരിക്കെയാണ് മരട് റിപ്പോർട്ട് തയ്യാറാക്കാനുള്ള ചുമതല ഏല്പിച്ചത്. ജസ്റ്റിസ് രാധാകൃഷ്ണന്റെ പ്രവർത്തനം വിലമതിക്കാനാകാത്തതാണെന്നും ഇപ്പോൾ നൽകുന്നത് ആദ്യ ഗഡു ടോക്കൺ ആണെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.