rajpath

ന്യൂഡൽഹി: ബ്രിട്ടീഷ് അടയാളങ്ങൾ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തിന്റെ അടയാളങ്ങളിലൊന്നായ രാജ്പഥിനെ കർത്തവ്യ പഥ് എന്ന് പുനർനാമകരണം ചെയ്യുന്നു. റെയ്‌സിനാ കുന്നിലെ രാഷ്ട്രപതി ഭവനിൽ നിന്ന് വിജയ് ചൗക്ക്, ഇന്ത്യ ഗേറ്റ് വഴി നാഷണൽ സ്റ്റേഡിയം വരെനീളുന്ന റോഡും ചുറ്റുമുള്ള പുൽത്തകിടിയും അടങ്ങിയ ഭാഗം സെൻട്രൽ വിസ്‌തയുടെ ഭാഗമായി പരിഷ്‌കരിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനം സെപ്‌തംബർ 8ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കാനിരിക്കെയാണ് പേരുമാറ്റം.

ഇന്ത്യാഗേറ്റിൽ പുതിയതായി സ്ഥാപിച്ച നേതാജി പ്രതിമ മുതൽ രാഷ്‌ട്രപതി ഭവൻ വരെ കർത്തവ്യ പഥ് എന്ന് പുനർനാമകരണം ചെയ്യാനുള്ള അജണ്ട ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ(എൻ.ഡി.എം.സി) സെപ്തംബർ 7 ന് പ്രത്യേക യോഗത്തിൽ ചർച്ച ചെയ്യും.

കൊളോണിയൽ ചിന്താഗതിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ ഇല്ലാതാക്കണമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പ്രസംഗിച്ചിരുന്നു . പ്രധാനമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന റേസ് കോഴ്‌സ് റോഡിന്റെ പേര് എൻ.ഡി.എ സർക്കാർ വന്ന ശേഷം ലോക് കല്യാൺ മാർഗ് എന്നാക്കിയിരുന്നു.

രാജ്പഥിന്റ ചരിത്രം

1911 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ച ബ്രിട്ടീഷ് ചക്രവർത്തി ജോർജ്ജ് അഞ്ചാമന്റെ ബഹുമാനാർത്ഥമായിരുന്നു ഈ പാഥയ്ക്ക് ലണ്ടനിലെ 'കിംഗ്‌സ്‌വേ'യ്‌ക്ക് സമാനമായ പേരു നൽകിയത്. സ്വാതന്ത്ര്യാനന്തരം പേര് കിംഗ്‌സ്‌വേയുടെ ഹിന്ദി പരിഭാഷയായ രാജ്പഥ് ആയി. റിപ്പബ്ലിക് ദിന പരേഡിന്റെ വേദി ഇതാണ്. രാഷ്‌ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം, സൗത്ത് ബ്ളോക്ക്, നോർത്ത്ബ്ളോക്ക്, കൊണാട്ട് പ്ലേസ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു.