
ന്യൂഡൽഹി:ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷം സംബന്ധിച്ച പൊതുതാല്പര്യ ഹർജി സുപ്രീം കോടതി തള്ളി. അതിർത്തിയിൽ ഇന്ത്യക്ക് ഉണ്ടായ നഷ്ടം സംബന്ധിച്ചും ഗാൽവാൻ താഴ്‌വരയിലെ ചൈനീസ് അധിനിവേശത്തെ കുറിച്ചുമുള്ള യഥാർത്ഥ ചിത്രം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു അഭിജീത് സറഫ് ഹർജി നൽകിയത്. എന്നാൽ ഇത് നയപരമായ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളുകയായിരുന്നു. ഹർജിയിൽ ഉന്നയിച്ച കാര്യങ്ങളെല്ലാം നയപരമായ വിഷയങ്ങളാണെന്നും ആർട്ടിക്കിൾ 32 മായി ഒരു ബന്ധവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.