nithish-kumar

ന്യൂഡൽഹി: ലോക്‌‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ശക്തമായ ബി.ജെ.പി വിരുദ്ധ ചേരി സൃഷ്‌ടിക്കുകയെന്ന ലക്ഷ്യവുമായി ജെ.ഡി.യു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഡൽഹിയിലെത്തി. ഇന്നലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ജെ.ഡി.എസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി കുമാരസ്വാമി തുടങ്ങിയവരുമായി നിതീഷ് ചർച്ച നടത്തി. ആനുകാലിക രാഷ്‌ട്രീയ വിഷയങ്ങളാണ് ചർച്ച ചെയ്‌തെന്ന് ജെ.ഡി.യു വൃത്തങ്ങൾ അറിയിച്ചു. ഇന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ, ഇടത് പാർട്ടി നേതാക്കളായ ഡി. രാജ, സീതാറാം യെച്ചൂരി, ആം ആദ്‌മി നേതാവ് അരവിന്ദ് കേജ്‌രിവാൾ, സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുമായും നിതീഷ് കുമാർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ താത്പര്യമുള്ള നിതീഷ് അക്കാര്യത്തിലുള്ള പിന്തുണയും തേടുമെന്നാണ് സൂചന. ഡൽഹിക്കു ശേഷം മഹാരാഷ്ട്ര, ഹരിയാന, കർണാടക സംസ്ഥാനങ്ങളിലും നിതീഷ് കുമാർ സന്ദർശനം നടത്തുമെന്നും പ്രതിപക്ഷ പാളയത്തിലെ നേതാക്കളെ കാണുമെന്നും ജെ.ഡി.യു വൃത്തങ്ങൾ അറിയിച്ചു. ഹരിയാനയിൽ ഐ.എൻ.എൽ.ഡി നേതാവ് ഓം പ്രകാശ് ചൗട്ടാല, കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ, മുൻ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. തെലങ്കാന മുഖ്യമന്ത്രിയും ടി.ആർ.എസ് നേതാവുമായ ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം പാട്‌നയിലെത്തി നിതീഷുമായി ചർച്ച നടത്തിയിരുന്നു.