c2

ന്യൂഡൽഹി: ഭാരത് ബയോടെക്ക് നിർമ്മിച്ച മൂക്കിലൂടെ നൽകാവുന്ന രാജ്യത്തെ ആദ്യത്തെ കൊവിഡ് വാക‌്‌സിനായ നേസൽ വാക്‌സിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡി.സി.ജി.ഐ) അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി. വാഷിംഗ്ടൺ സെന്റ് ലൂയിസ് സർവകലാശാലയുടെ സഹായത്തോടെ വികസിപ്പിച്ചതാണ് ഈ വാക്സിൻ. 18വയസിനു മുകളിലുള്ളവർക്ക് നൽകാനാണ് അനുമതി.
കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഉത്തേജനം നൽകുന്നതാണ് നേസൽ വാക്‌സിന്റെ അനുമതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റു ചെയ്‌തു. ഏകദേശം 4,000 സന്നദ്ധപ്രവർത്തകരിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ബിബിവി 154 എന്ന ഈ വാക്സിന് അടിയന്തര അനുമതി ലഭിച്ചത്.

വീടുകളിൽ സ്വയം ഉപയോഗിക്കാം

കുത്തിവയ്‌പിനെ പേടിയുള്ളവർക്ക് ആശ്വാസം. വീടുകളിൽ സ്വയം ഉപയോഗിക്കാം, നഴ്സുമാരുടെ സഹായം ആവശ്യമില്ല. 2-8 ഡിഗ്രി താപനിലയിൽ സൂക്ഷിക്കാം.

 ചിമ്പാൻസികളിൽ ജലദോഷമുണ്ടാക്കുന്ന വൈറസിനെ ഉപയോഗിച്ച് തയ്യാറാക്കുന്ന കൊവിഡ് വൈറസിന്റെ നിരുപദ്രവകാരിയായ സ്‌പൈക്ക് പ്രോട്ടീനാണ് പ്രധാന ഘടകം. മൂക്കിലെ മ്യൂക്കസ് ദ്രവത്തിലൂടെ പടർന്ന് പ്രതിരോധ ആന്റിബോഡികൾക്ക് പ്രേരണ നൽകും. കൊവിഡ് വൈറസ് ആദ്യമെത്തുന്ന മൂക്കിലും ശ്വാസകോശത്തിലും പെട്ടെന്ന് പ്രതിരോധം.

 പ്രാഥമിക വാക്‌സിനായി ഉപയോഗിക്കാനാണ് അനുമതി. മറ്റ് വാക‌്സിനുകളുടെ രണ്ട് ഡോസുകൾ എടുത്തവർക്ക് ബൂസ്റ്റർ ഡോസായി നൽകാനും കഴിയുമെന്ന് നിർമ്മാതാക്കൾ. ഇതിനുള്ള ട്രയൽ നടക്കുന്നു.