nitish

ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ മുന്നണി ലക്ഷ്യമിട്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഡൽഹിയിൽ കൂടുതൽ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ എ.കെ.ജി ഭവനിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും അജോയ്ഭവനിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയെയും ഡൽഹി മുഖ്യമന്ത്രിയും ആംആദ്‌മി നേതാവുമായ അരവിന്ദ് കേജ‌്‌രിവാളിനെയുംകണ്ടു. കേജ്‌രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ചർച്ചയിൽ പങ്കെടുത്തു.

ഡൽഹി സർക്കാരിനെ ദുർബ്ബലപ്പെടുത്താൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളും വിദ്യാഭ്യാസ-ആരോഗ്യമേഖലയിൽ കൈവരിച്ച പുരോഗതിയും ചർച്ചയായെന്ന് കേജ്‌രിവാൾ പിന്നീട് ട്വീറ്റു ചെയ്‌തു.

മുൻ ഹരിയാന മുഖ്യമന്ത്രിയും ഐ.എൻ.എൽ.ഡി നേതാവുമായ ഓം പ്രകാശ് ചൗട്ടാലയെ അദ്ദേഹത്തിന്റെ ഗുരുഗ്രാമിലെ വസതിയിൽ കുമാർ കണ്ടിരുന്നു. സെപ്തംബർ 25ന് ഹരിയാനയിൽ നടക്കുന്ന ഐ.എൻ.എൽ.ഡിയുടെ റാലിയിൽ ബീഹാർ സഖ്യകക്ഷി നേതാവ് തേജസ്വി യാദവിനൊപ്പം പങ്കെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിനെയും അദ്ദേഹം കണ്ടേക്കും.


ബീഹാറിൽ ബി.ജെ.പിയുമായുള്ള സഖ്യം ജെ.ഡി.യു അവസാനിപ്പിച്ചതിന് പിന്നാലെയാണ് കുമാറിന്റെ ഡൽഹി യാത്ര.

കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയെയും അദ്ദേഹം കണ്ടിരുന്നു.