ന്യൂഡൽഹി:മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ശിവസേന ഗ്രൂപ്പുകളുടെ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന്റെ അഭിഭാഷകൻ നീരജ് കിഷൻ കൗൾ അടിയന്തര വാദം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബുധനാഴ്ച്ച വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചത്. വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടതായും യഥാർത്ഥ ശിവസേനയെ നിശ്ചയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെയുള്ള നടപടികൾ സ്തംഭിച്ചിരിക്കയാണെന്നും നീരജ് കിഷൻ കൗൾ ചൂണ്ടിക്കാട്ടി. ഉടൻ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രശ്നം അടിയന്തരമായി പരിഗണിക്കേണ്ടതുണ്ട്. അദ്ദേഹം വ്യക്തമാക്കി. കേസ് ആഗസ്റ്റ് 25 ന് ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നെങ്കിലും വാദം കേട്ടിരുന്നില്ല.