p

ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാർ ചുമത്തിയ യു.എ.പി.എ കേസിൽ മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം ആറാഴ്ച ഡൽഹി വിട്ട് പോകരുതെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

2020 ഒക്ടോബർ 6 മുതൽ യു.പി പൊലീസിന്റെ കസ്റ്റഡിയിലുള്ള കാപ്പന് ജയിൽ മോചിതനാകണമെങ്കിൽ ഇ.ഡി കേസിലും ജാമ്യം ലഭിക്കേണ്ടതുണ്ട്. ഇ.ഡി കേസിലും ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കാൻ അനുമതി ലഭിച്ചതായി കാപ്പന്റെ അഭിഭാഷകർ വ്യക്തമാക്കി.

മൂന്ന് ദിവസത്തിനുള്ളിൽ സിദ്ധിഖ് കാപ്പനെ വിചാരണക്കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. പാസ്‌പോർട്ടും ഹാജരാക്കണം. ജാമ്യം ലഭിച്ച ശേഷം കാപ്പൻ ഡൽഹിയിലെ ജങ്ക്പുരയിലാണ് ആറാഴ്ച് താമസിക്കേണ്ടത്. എല്ലാ തിങ്കളാഴ്ച്യും നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. സ്വദേശമായ മലപ്പുറത്ത് എത്തിയാൽ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ എല്ലാ തിങ്കളാഴ്ച്യും റിപ്പോർട്ട് ചെയ്യണം.

അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കെരുതെന്നായിരുന്നു യു.പി സർക്കാർ വാദം. ഈ വാദം തള്ളിയ സുപ്രീംകോടതി എന്ത് തെളിവാണ് കൂടുതലായി കണ്ടെത്തിയതെന്ന് കോടതി ചോദിച്ചു.

മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചും ‌ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചത്. കാപ്പന് വേണ്ടി കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവരും യു.പി സർക്കാരിനായി മഹേഷ് ജത്‌മലാനിയും ഹാജരായി.

അതേസമയം, കാപ്പനെതിരെ ഇ.ഡി കേസുള്ളതിനാൽ ജയിൽ മോചനം ഉടൻ സാദ്ധ്യമാവില്ലെന്നാണ് ഉത്തർപ്രദേശ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

ലഘുലേഖ എങ്ങനെ

അപകടകരമാകും?

സിദ്ധിഖ് കാപ്പനിൽ നിന്നു കണ്ടെത്തിയ ലഘുലേഖകൾ എങ്ങനെയാണ് അപകടകരമാകുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. അത് അന്യഭാഷയിലുള്ള അഭിപ്രായപ്രകടനം മാത്രമാണ്. ഓരോ വ്യക്തിക്കും അഭിപ്രായ പ്രകടനത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും അവകാശമുണ്ട്. ഹത്രാസ് ഇരയ്ക്ക് നീതി ലഭിക്കാൻ വേണ്ടിയുള്ള പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന ലഘുലേഖകളാണ് കണ്ടെടുത്തത്. ഇരയ്ക്ക് വേണ്ടി പൊതു ശബ്ദമുയർത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഇത് നിയമത്തിന്റെ കണ്ണിൽ കുറ്റകൃത്യമാകുമോ? - ബെഞ്ച് ചോദിച്ചു. 2012ലെ ഡൽഹി നിർഭയ കേസിൽ ഇന്ത്യാഗേറ്റിൽ വലിയ പ്രതിഷേധം നടന്നു. ഇത് പിന്നിട് നിയമത്തിന്റെ മാറ്റത്തിന് തന്നെ കാരണമായെന്നും ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് ചൂണ്ടിക്കാട്ടി.

ദളിതരുടെ വികാരം ഇളക്കിവിട്ട് കലാപമുണ്ടാക്കാനായിരുന്നു ശ്രമമെന്ന് യു.പി സർക്കാർ അഭിഭാഷകൻ വാദിച്ചു. എന്നാലിത് കോടതി അംഗീകരിച്ചില്ല. അങ്ങനെയെങ്കിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ എവിടെയെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് ചോദിച്ചു.