
ന്യൂഡൽഹി: സിനിമാ താരം പ്രഭാസിന്റെ പിതൃസഹോദരനും നടനും മുൻ കേന്ദ്രമന്ത്രിയുമായ കൃഷ്ണം രാജു (83) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്. വില്ലൻ വേഷങ്ങളിലൂടെ സിനിമയിലെത്തിയ അദ്ദേഹം പിന്നീട് തെലുങ്കിലെ പ്രധാന നായകനടനായി.183 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. വെസ്റ്റ് ഗോദാവരി ജില്ലയിലെ മൊഗൾത്തൂരിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ എം.പിയായ അദ്ദേഹം വാജ്പേയി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു.
തെലുങ്ക് സിനിമയിലെ റിബൽ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം പ്രഭാസ് നായകനായ രാധേ ശ്യാമിലാണ് അവസാനം അഭിനയിച്ചത്.
മാദ്ധ്യമ പ്രവർത്തകനായിരിക്കേ 1966 ലായിരുന്നു ചിലക ഗോറിങ്ക എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചത്. 70 കളിൽ മുൻനിര നായകനടനായി . പ്രഭാസിനൊപ്പം രാധേ ശ്യാം, ബില്ല എന്നീ ചിത്രങ്ങളിലും വേഷമിട്ട അദ്ദേഹത്തിന്റെ അമര ദീപം (1977), ഭക്തകണ്ണപ്പ (1976), കൃഷ്ണവേണി (1974) എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.