
ന്യൂഡൽഹി:അറിവിനുള്ള അവകാശം ചില വിഭാഗങ്ങളിൽ മാത്രം പരിമിതപ്പെട്ടപ്പോൾ അറിവിനെ സാർവ്വലൗകികമാക്കുകയെന്ന മഹത്തായ കർമ്മമാണ് ചട്ടമ്പിസ്വാമികൾ നിർവ്വഹിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഡൽഹിയിൽ ആഗോള നായർ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സാമൂഹ്യ അനാചാരങ്ങൾക്കെതിരെ നിലപാടെടുത്ത ചട്ടമ്പിസ്വാമികളുടെ ഉദ്ബോധനങ്ങൾ 169 വർഷങ്ങൾക്ക് ശേഷവും ഏറ്റവും പ്രസക്തമാണ്. പ്രധാനമന്ത്രി ഇന്ന് നടത്തുന്ന പല ശ്രമങ്ങളും അന്ന് ചട്ടമ്പിസ്വാമികളുടെ ഉദ്ബോധനങ്ങളുടെ തുടർച്ചയാണ്. ബ്രാഹ്മണ്യം ജന്മത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ധരിച്ച് അറിവിനുള്ള അവകാശം ചിലരിൽ മാത്രം പരിമിതമായപ്പോൾ വേദാധികാരനിരൂപണം എന്ന ഗ്രന്ഥത്തിലൂടെ അറിവ് സാർവ്വത്രീകരിക്കാൻ ചട്ടമ്പിസ്വാമികൾ മഹത്തായ പരിശ്രമമാണ് നടത്തിയത്. ചട്ടമ്പിസ്വാമികളുടെ ദർശനങ്ങൾ സനാതന ധർമ്മത്തിന്റെ ആദർശമായിരുന്നു. ചട്ടമ്പിസ്വാമികളുടെ ഈ സന്ദേശം പുതുതലമുറകൾക്ക് മനസിലാക്കാൻ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നത് വരെ പരിശ്രമം തുടരുമെന്ന് മുരളീധരൻ പറഞ്ഞു.
പാശ്ചാത്യ ലോകം അറിവ് കുത്തകയാക്കിയ കാലത്തിൽ നിന്ന് ഭിന്നമായി അറിവ് ഭാരതത്തിലേക്ക് വരുന്ന കാഴ്ച്ചയാണിപ്പോൾ. പല രാജ്യങ്ങൾക്കും നൽകാൻ കഴിയുന്ന തരത്തിൽ വാക്സിൻ വികസിപ്പിക്കാൻ നമ്മുടെ രാജ്യത്തിന് കഴിഞ്ഞത് ഉദാഹരണമാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.
ഗ്ലോബൽ എൻ.എസ്.എസ് ചെയർമാൻ എം.കെ.ജി പിള്ള അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ്, സ്വാമി പ്രജ്ഞാമൃതാനന്ദ തീർത്ഥ പാദർ, സി.വി ആനന്ദബോസ്, ജെ.കെ മേനോൻ, ബാബു പണിക്കർ, ജസ്റ്റിസ് (റിട്ട.) പി.എൻ. രവീന്ദ്രൻ പി.കെ.ഡി നമ്പ്യാർ, എം.ഡി ജയപ്രകാശ്, സി. ഉദയഭാനു എന്നിവർ പങ്കെടുത്തു.