nia

ന്യൂഡൽഹി: ഗുണ്ടാ സംഘങ്ങളുടെ തീവ്രവാദ ബന്ധം കണ്ടെത്തിയതിനു പിന്നാലെ ഉത്തരേന്ത്യയിലെ 60 ഇടങ്ങളിൽ എൻ.ഐ.എ റെയ്ഡ്. ഡൽഹി, ദേശീയ തലസ്ഥാന മേഖല, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ഗായകൻ സിദ്ധു മൂസ് വാല വധക്കേസിലെ പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു റെയ്ഡ്.

ലോറൻസ് ബിഷ്ണോയി, ബാംബിഹ, നീരജ് ഭവാന എന്നീ ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള 10 ഗ്രൂപ്പുകൾക്കെതിരെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ യു.എ.പി.എ പ്രകാരം രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. ലോറൻസ് ബിഷ്ണോയി സംഘവും നീരജ് ഭവാനയും തമ്മിൽ ഏറ്റുമുട്ടലിലാണ്.

സിദ്ധു മൂസ് വാലയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് നീരജ് ഭവാന സംഘം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ജയിലുകളിലിരുന്നും കാനഡ, പാകിസ്ഥാൻ, ദുബായ് എന്നീ രാജ്യങ്ങളിലിരുന്നും ലോറൻസ് ബിഷ്ണോയി, ഗോൾഡി ബ്രാർ, വിക്രം ബ്രാർ, ജഗ്ഗു ഭഗവൻപുരിയ, സന്ദീപ്, സച്ചിൻ തപൻ, അൻമോൾ ബിഷ്ണോയി എന്നിവർ ഗുണ്ടകളെ നിയന്ത്രിക്കുകയാണെന്നും എഫ്.ഐ.ആറിലുണ്ട്. പാകിസ്ഥാനിലുണ്ടെന്ന് കരുതുന്ന ഖലിസ്ഥാൻ ഭീകരൻ ഹർവീന്ദർ സിംഗ് റിന്ദയുമായി ലോറൻസ് ബിഷ്ണോയിക്ക് അടുപ്പമുണ്ടെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.