court

ന്യൂഡൽഹി: കഴിഞ്ഞ നവംബറിൽ ജമ്മു കാശ്‌മീരിലെ ബുദ്ഗാം ജില്ലയിലെ ഹൈദർ പോറ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അമീർ ലത്തീഫ് മാഗ്രിയുടെ മൃതദേഹം പുറത്തെടുത്ത് കുടുംബത്തിന് നൽകണമെന്ന ഹർജി സുപ്രീം കോടതി തള്ളി. മതാചാരപ്രകാരം സംസ്കരിച്ചതിനാൽ മൃതദേഹം പുറത്തെടുക്കാനാകില്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പർദ്ദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

മാഗ്രെ തീവ്രവാദിയായിരുന്നുവെന്നും സുരക്ഷയുടെ പശ്ചാത്തലത്തിൽ മൃതദേഹം പുറത്തെടുക്കാനാകില്ലെന്നും ജമ്മു കാശ്മീനു വേണ്ടി ഹാജരായ അഭിഭാഷകൻ അർധേന്ദു മൗലികുമാർ പ്രസാദ് വാദിച്ചു. ഇസ്ലാമികാചാരപ്രകാരം മൃതദേഹം സംസ്‌കരിച്ചതിന്റെ ഡിജിറ്റൽ തെളിവുകളും ഹാജരാക്കി.

2021 നവംബർ15 നാണ് മറ്റ് മൂന്നു പേർക്കൊപ്പം മാഗ്രി കൊല്ലപ്പെട്ടത്. തുടർന്ന് മൃതദേഹങ്ങൾ 80 കിലോമീറ്റർ അകലെ കുപ് വാരയിൽ സംസ്കരിച്ചു. പ്രതിഷേധത്തെ തുടർന്ന് അൽത്താഫ് അഹമ്മദ് ഭട്ട്, മുദാസിർ ഗുൽ എന്നിവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് കുടുംബങ്ങൾക്ക് കൈമാറിയിരുന്നു. ഇതേത്തുടർന്നാണ് മാഗ്രിയുടെ കുടുംബം ഡിസംബറിൽ ഹൈക്കോടതിയെയും തുടർന്ന് സുപ്രീം കോടതിയെയും സമീപിച്ചത്.