
നിർദ്ദേശം ഡൽഹി കോടതിയുടേത്
ന്യൂഡൽഹി: കാശ്മീർ സന്ദർശനത്തിനിടെ ഫേസ്ബുക്കിൽ വിവാദ ആസാദ് കാശ്മീർ പരാമർശം നടത്തിയ കെ.ടി. ജലീൽ എം.എൽ.എക്കെതിരെ കേസെടുക്കാൻ ഡൽഹി പൊലീസിനോട് റോസ് അവന്യൂ ജില്ലാ കോടതി നിർദ്ദേശിച്ചു.
രാജ്യദ്രോഹ നിയമം ഉൾപ്പെടെ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ ജി.എസ്. മണിയാണ് പൊലീസിൽ പരാതി നൽകിയത്. കേസെടുക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
പരാതിക്കാരന്റെ ആവശ്യപ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തണമെന്ന് അഡിഷണൽ മെട്രോപോളിറ്റൻ മജിസ്ട്രേട്ട് ഡൽഹി തിലക് മാർഗ്ഗ് പൊലീസിന് നിർദ്ദേശം നൽകിയെങ്കിലും ഏതൊക്കെ വകുപ്പുകൾ എന്ന് ഉത്തരവിൽ എടുത്തുപറയുന്നില്ല.
സമാനമായ പരാതിയിൽ കേരളത്തിൽ കേസ് നിലവിലുണ്ടെന്നും കോടതി നിർദ്ദേശിച്ചാൽ മാത്രമേ കേസെടുക്കൂ എന്നുമായിരുന്നു ഡൽഹി പൊലീസിന്റെ നിലപാട്. എന്നാൽ, കേരളത്തിലെ നിയമ നടപടികളിൽ തനിക്ക് വിശ്വാസമില്ലെന്നും കേസെടുക്കാൻ നിർദ്ദേശം നൽകണമെന്നുമായിരുന്നു പരാതിക്കാരന്റെ വാദം. ഇത് അംഗീകരിച്ചാണ് കോടതി നിർദ്ദേശം. പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ജി.എസ്. മണി പറഞ്ഞു.
പാക് അധിനിവേശ കാശ്മീരിനെ ആസാദ് കാശ്മീർ എന്ന് അഭിസംബോധന ചെയ്തുള്ള കുറിപ്പാണ് വലിയ വിവാദത്തിനും പരാതികൾക്കും കാരണമായത്. ശേഷിച്ച ഭാഗം ഇന്ത്യൻ അധീന കാശ്മീരാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. പോസ്റ്റ് വിവാദമായതിനെ തുടർന്ന് ജലീൽ പിന്നീട് പിൻവലിച്ചു.