
ന്യൂഡൽഹി: കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിയിൽ ഹിന്ദു ആരാധനയ്‌ക്ക് അനുമതി ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ നൽകിയ ഹർജി നിലനിൽക്കുമെന്ന് വാരണാസി ജില്ലാ കോടതി. ഇതിനെതിരെ അഞ്ജുമാൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് വാരണാസി ജില്ലാ കോടതി ജഡ്ജി എ.കെ. വിശ്വേശ വ്യക്തമാക്കി. വിധിക്കെതിരെ ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിക്കും.
അതേസമയം കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും വഴിതുറക്കുമെന്നുറപ്പ്.
പള്ളി ക്ഷേത്രത്തിന്റെ സ്ഥലത്താണെന്നും അവിടെ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സ്ത്രീകൾ ഹർജി നൽകിയത്. അടുത്ത വാദം 22ന് നടക്കും.
പള്ളിയിൽ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വീഡിയോ സർവേയ്‌ക്ക് വാരണാസി കോടതി സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) രവികുമാർ ദിവാകർ ഏപ്രിലിൽ ഉത്തരവിട്ടിരുന്നു. ഇതിനായി അഭിഭാഷക കമ്മിഷനെയും നിയോഗിച്ചിരുന്നു. കേസ് വാരണാസി കോടതി (സീനിയർ ഡിവിഷൻ)യിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റിയത് സുപ്രീം കോടതിയാണ്.
അതേസമയം പള്ളി സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന് അഭിഭാഷക കമ്മിഷൻ റിപ്പോർട്ടും നൽകിയിരുന്നു. എന്നാലിത് ജലധാരയാണെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. കേസിൽ ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം ആഗസ്റ്റ് 24ന് വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.
വാരണാസിയിൽ നിരോധനാജ്ഞ
വിധിയുടെ പശ്ചാത്തലത്തിൽ വാരണാസിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. നിർണായകമായ സ്ഥലങ്ങളിൽ പൊലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ച കമ്മിഷണർ എ. സതീഷ് ഗണേഷ് പറഞ്ഞു. ക്വിക്ക് റിയാക്ഷൻ ടീമും പട്രോളിംഗ് വാഹനങ്ങളും തയ്യാറാക്കി നിറുത്തിയിട്ടുണ്ട്. അതേസമയം കോടതി ഉത്തരവിനെ തുടർന്ന് ഹർജിക്കാർ ആനന്ദ നൃത്തം നടത്തി. തുടർന്ന് പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും സന്തോഷം പങ്കുവച്ചു. വിധിയിൽ ഇന്ത്യ ഒന്നടങ്കം സന്തോഷിക്കുകയാണെന്ന് ഹർജിക്കാരിൽ ഒരാളായ മഞ്ജു വ്യാസ് പറഞ്ഞു.