bcci

ന്യൂഡൽഹി:ബി.സി.സി.ഐ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിൽ സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും തുടരാൻ സുപ്രീം കോടതിയുടെ അനുമതി. ഇവരുടെ ഭരണ കാലാവധി നീട്ടുന്നതിനായി ബി.സി.സി.ഐ മുന്നോട്ട് വെച്ച ഭരണഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. ബി.സി.സി.ഐ കേസിലെ സുപ്രധാനമായ ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇരുവർക്കും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും കോടതി വ്യക്തമാക്കി. സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും ഒരു ടേം കൂടി സ്ഥാനങ്ങളിൽ തുടരാൻ ബി.സി.സി.ഐ ഭരണഘടന ഭേദഗതി ചെയ്യണമായിരുന്നു. സൗരവ് ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിലും ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലും മൂന്ന് വർഷം വീതം രണ്ട് ടേം ഭരണ സമിതിയിലുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇരുവരും ബി.സി.സി.ഐ ഭാരവാഹികളായത്. ഇതോടെ ആകെ 9 വർഷം ഇരുവരും ഭരണ സമിതികളിൽ പൂർത്തിയാക്കി. വീണ്ടും ഭരണസമിതിയിൽ തുടരാൻ ബി.സി.സി.ഐ ഭരണഘടന ഇരുവരെയും അനുവദിക്കുന്നില്ല. തുടർച്ചയായി ഭരണത്തിലിരുന്നാൽ സ്ഥാനത്ത് നിന്ന് കുറച്ചു കാലം മാറി നിൽക്കണമെന്ന് ബി.സി.സി.ഐ ഭരണഘടന പറയുന്നു. ഇത് കൂളിംഗ് ഓഫ് പിരീഡ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇതോടെയാണ് ബി.സി.സി.ഐ കേസുമായി സുപ്രീം കോടതിയിലെത്തുന്നത്. ഈ കേസിലാണ് ബി.സി.സി.ഐയുടെ ഭരണഘടനയിൽ ഭേദഗതി അനുവദിച്ചു കൊണ്ട് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. ബി.സി.സി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ് ലി എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ശുപാർശകൾ സമർപ്പിച്ചു. 12 വർഷം തുടർച്ചയായി അധികാര സ്ഥാനത്ത് തുടരുന്നതിനെ കുറിച്ച് സുപ്രീം കോടതി സംശയങ്ങൾ ഉന്നയിച്ചിരുന്നു. നേരത്തെ ജസ്റ്റിസ് ആർ എം ലോധയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ബി.സി.സി.ഐ യിൽ പരിഷ്ക്കാരങ്ങൾ ശുപാർശ തയ്യാറാക്കിയിരുന്നു.