
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസുൾപ്പെടെയുള്ള ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ബാർ കൗൺസിലുകളുടെ സംയുക്ത പ്രമേയം. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65ൽ നിന്ന് 67 ആയും ഹൈക്കോടതി ജഡ്ജിമാരുടെത് 62ൽ നിന്ന് 65 ആയും ഉയർത്തണമെന്നാണ് നിർദ്ദേശം. ഇതിനായി ഭരണഘടന ഭേദഗതി കൊണ്ടുവരണം. സംസ്ഥാന ബാർ കൗൺസിലുകളുടെയും ഹൈക്കോടതി അസോസിയേഷനുകളുടെയും സംയുക്ത യോഗത്തിലാണ് പ്രമേയം പാസാക്കിയതെന്ന് ബാർ കൗൺസിൽ ഒഫ് ഇന്ത്യ അറിയിച്ചു. പ്രമേയം പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും അയച്ചുകൊടുക്കും.
നിർദ്ദേശം കേന്ദ്രസർക്കാർ അംഗീകരിച്ചാൽ നവംബറിൽ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യു.യു. ലളിതിന് രണ്ട് വർഷം കൂടി തുടരാം. സ്റ്റാറ്റ്യൂട്ടറി കമ്മിഷനുകളുടെ അദ്ധ്യക്ഷന്മാരായി മുതിർന്ന അഭിഭാഷകരെയും പരിഗണിക്കണമെന്നും ഇതിനായി നിയമനിർമ്മാണം നടത്തണമെന്നും പാർലമെന്റിനോട് ബാർകൗൺസിൽ അഭ്യർത്ഥിച്ചു. മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഒരു പ്രഭാഷണത്തിനിടെ വിരമിക്കൽ പ്രായം 65 എന്നത് ഒരാളെ സംബന്ധിച്ചടത്തോളം വളരെ നേരത്തെയാണെന്ന് വ്യക്തമാക്കിയിരുന്നു. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും ഈ നിലപാടെടുത്തിട്ടുണ്ട്.
ഭരണഘടനയുടെ പ്രവർത്തനം അവലോകനം ചെയ്യുന്ന ദേശീയ കമ്മിഷനായ ജസ്റ്റിസ് വെങ്കടാചലയ്യയുടെ 2002ലെ റിപ്പോർട്ടിൽ ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ പ്രായം യഥാക്രമം 65ഉം 68ഉം ആക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. യു.എസിൽ സുപ്രീം കോടതി ജഡ്ജിമാർ മരണം വരെയും കാനഡയിൽ 75ഉം, നോർവോ, ആസ്ട്രേലിയ, ഡെന്മാർക്ക്, ബെൽജിയം, നെതർലാന്റ്സ്, അയർലന്റ് എന്നിവിടങ്ങളിൽ 70ഉം ജർമ്മനിയിൽ 68ഉമാണ് വിരമിക്കൽ പ്രായം.