
ന്യൂഡൽഹി: മദ്യ വിൽപനയിൽ വൻകിട വ്യാപാരികളെ മാത്രം ഉൾപ്പെടുത്തിയും കമ്മിഷൻ വർദ്ധിപ്പിച്ചും ഡൽഹി ആംആദ്‌മി സർക്കാർ അഴിമതി നടത്തിയെന്ന് ബി.ജെ.പി ആരോപിച്ചു. മദ്യമാഫിയ കോഴയായി നൽകിയ 200 കോടിരൂപ ആംആദ്‌മി പഞ്ചാബ്, ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവാക്കിയെന്നും ഒളികാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് ബി.ജെ. പി ഡൽഹി അദ്ധ്യക്ഷൻ ആദേശ് ഗുപ്‌ത പറഞ്ഞു.
മദ്യ നയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിലെ ഒരു പ്രതിയുടെ ഒളികാമറ ദൃശ്യമാണ് ബി.ജെ.പി പുറത്തുവിട്ടത്. മദ്യ ലൈസൻസ് ഫീസ് 10 ലക്ഷം രൂപ ആയിരുന്നത് ആം ആദ്മി സർക്കാർ അഞ്ചു കോടി രൂപയായി ഉയർത്തിയെന്നും അതോടെ ചെറുകിടക്കാർ ചില്ലറ മദ്യവിൽപനയിൽ നിന്ന് പുറത്തായെന്നും വീഡിയോയിൽ പറയുന്നു. മദ്യവിൽപനയ്‌ക്കുള്ള കമ്മിഷൻ അഞ്ചു ശതമാനത്തിൽ നിന്ന് 12 ശതമാനമായി വർദ്ധിപ്പിച്ചു. ആംആദ്‌മി ഭരിക്കുന്ന പഞ്ചാബിലും കമ്മിഷൻ വർദ്ധിപ്പിച്ചെന്നും ആരോപണമുണ്ട്.
മദ്യനയത്തിലെ അഴിമതി സി.ബി.ഐ അന്വേഷിക്കുന്നതിനിടെയാണ് ബി.ജെ.പിയുടെ പുതിയ ആരോപണം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരെ സി.ബി.ഐ കേസെടുത്തിരുന്നു.
ഒളികാമറ വീഡിയോ സി.ബി.ഐയ്‌ക്ക് നൽകണം. ബി. ജെ. പിയുടെ പോഷക ഘടകമായ സി. ബി.ഐക്ക് അതു സഹായമാകും. അഴിമതിക്ക് തെളിവുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യാം. ഇല്ലെങ്കിൽ സർക്കാരിനെ വീഴ്‌ത്താനുള്ള പുകമറ മാത്രമാണ് ആരോപണമെന്ന് വ്യക്തമാകും
---മനീഷ് സിസോദിയ, ഡൽഹി ഉപമുഖ്യമന്ത്രി
അഴിമതിക്കാരെ പുറത്തുകൊണ്ടുവരാൻ ജനങ്ങളെ ആഹ്വാനം ചെയ്‌ത കേജ്‌രിവാളിൽ നിന്ന് ഇതു പ്രതീക്ഷിച്ചില്ല. ഒന്നുകിൽ കേജ്‌രിവാൾ നടപടിയെടുക്കണം അല്ലെങ്കിൽ തന്റെ അഴിമതിവിരുദ്ധ പ്രസ്താവന പിൻവലിക്കണം. ആം ആദ്മിയുടേത് കമ്മിഷൻ രാഷ്ട്രീയമാണെന്ന് തെളിഞ്ഞു.
--- ബി.ജെ.പി വക്താവ്