
ന്യൂഡൽഹി:യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന്,ഇത് സംബന്ധിച്ച ഹർജി ഇന്നത്തേക്ക് മാറ്റി.
ഈ വിദ്യാർത്ഥികളെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കാൻ നിയമ
തടസ്സമുണ്ടെന്നും, നാഷണൽ മെഡിക്കൽ കമ്മീഷൻ നിയമത്തിൽ അതിന് വ്യവസ്ഥയില്ലെന്നും
കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.രണ്ട് കാരണങ്ങളാലാണ് വിദ്യാർത്ഥികൾ വിദേശ സർവ്വകലാശാലകളിൽ പഠനത്തിനായി പോകുന്നത്. നീറ്റ് പരീക്ഷയിലെ മോശം പ്രകടനവും, കുറഞ്ഞ പഠനച്ചെലവുമാണിത്. കുറഞ്ഞ പ്രകടനമുള്ള കുട്ടികൾക്ക് നിലവാരമുള്ള ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നൽകുന്നത് നിയമ യുദ്ധത്തിനിടയാക്കും. ഇന്ത്യയിലെ കോളേജുകളിലെ ഫീസ് ഘടനയും അവർക്ക് താങ്ങാനാകില്ല. ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരത്തെ അത് ബാധിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
യുക്രെയിനിലെ യുദ്ധത്തെ തുടർന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ 1949 ലെ ജനീവ കൺവെൻഷൻ പ്രകാരം യുദ്ധത്തിന്റെ ഇരകളായും സംരക്ഷിക്കപ്പെടേണ്ടവരായും പ്രഖ്യാപിക്കണമെന്നും , ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം അനുവദിക്കണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ ഐശ്വര്യ സിൻഹ വാദിച്ചു. യുക്രെയിനിൽ നിന്നും മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ കാര്യം വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു വരുകയാണെന്നും, ഇന്ത്യയിൽ പഠനം നടത്താൻ അനുകൂലമായ തീരുമാനം എടുത്തേക്കുമെന്നും കേന്ദ്ര സർക്കാർ നേരത്തേ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.