afghan-

ന്യൂഡൽഹി: വിശുദ്ധ ഗ്രന്ഥവുമായി ഇന്ത്യയിലേക്ക് വരാനിരുന്ന 60 അഫ്ഗാൻ സിക്കുകാരെ താലിബാൻ ഭരണകൂടം തടഞ്ഞു. സെപ്‌തംബർ 11നാണ് ഇവർ ഇന്ത്യയിലേക്ക് വരാനിരുന്നത്. 'വിശുദ്ധ ഗുരു ഗ്രന്ഥ സാഹിബ്" അഫ്ഗാനിസ്ഥാനിൽ നിന്ന് കൊണ്ടുപോകുന്നത് താലിബാൻ ഭരണകൂടം നിരോധിച്ചതോടെ ഇവരുടെ യാത്ര മുടങ്ങി. വിഷയത്തിൽ ഇടപെടണമെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.

സിക്കുകാരുടെ മതപരമായ കാര്യങ്ങളിൽ താലിബാൻ നടത്തുന്ന നേരിട്ടുള്ള ഇടപെടലാണിതെന്ന് എസ്.ജി.പി.സി പ്രസിഡന്റ് അഡ്വ. ഹർജീന്ദർ സിംഗ് ധാമി പറഞ്ഞു. ഒരു വശത്ത് സിക്കുകാർക്കും ഗുരുദ്വാരകൾക്കുമെതിരെ ആക്രമണം നടക്കുമ്പോൾ മറുവശത്ത് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് തടയുന്നതിലെ ന്യായമെന്തെന്നും അദ്ദേഹം ചോദിച്ചു.

2021 ആഗസ്റ്റ് 15ന് താലിബാൻ അധികാരം ഏറ്റെടുത്ത ശേഷം അഫ്ഗാൻ സിക്കുകാർ കൂട്ടത്തോടെ ഇന്ത്യയിലേക്ക് പാലായനം ചെയ്യുകയാണ്.