
ന്യൂഡൽഹി:സാമ്പത്തിക സംവരണത്തിനായുള്ള 103-ാം ഭരണഘടനാ ഭേദഗതിയിൽ നിന്ന് പരമ്പരാഗതമായി ദരിദ്രരും ദരിദ്രരിൽ ദരിദ്രരുമെന്ന് നിർണ്ണയിക്കപ്പെട്ട പിന്നാക്ക,പട്ടിക വിഭാഗങ്ങളെ ഒഴിവാക്കിയ നടപടി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെയും തുല്യതയുടെയും ലംഘനമാണെന്ന് സുപ്രീം കോടതിയിൽ ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഷർദാൻ ഫറാസത് വാദിച്ചു.
. സാമ്പത്തികാടിസ്ഥാനത്തിലാണ് മുന്നാക്കക്കാർക്ക് സംവരണം നൽകിയിരിക്കുന്നത്. പാവപ്പെട്ടവർക്കുള്ള സംവരണമാണെങ്കിൽ പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്കും നൽകണം.
ദളിതർ വരുമാനത്തിന്റെയും സമ്പത്തിന്റെയും കാര്യത്തിൽ ദരിദ്ര ബ്രാഹ്മണരെക്കാളും, പിന്നാക്കക്കാർ ഉയർന്ന ജാതിയിലെ ദരിദ്രരെക്കാൾ ദരിദ്രരാണ്. പിന്നാക്ക വിഭാഗക്കാർക്ക് സംവരണം ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് ചൂണ്ടിക്കാട്ടി. എന്നാൽ, പിന്നാക്ക സംവരണം ഒരു വിഭാഗത്തിനാണെന്നും വ്യക്തികൾക്കല്ലെന്നും ചരിത്രപരമായ തെറ്റുകൾ തിരുത്താനും പ്രാതിനിധ്യം ഉറപ്പാക്കാനുമാണ് ഇതെന്നും ഷർദാൻ ഫറാസത് വാദിച്ചു.