supreme-court

ന്യൂഡൽഹി: സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ 27 മുതൽ ലോകമെങ്ങും യൂട്യൂബിലൂടെ തത്സമയം കാണാനാകും. പിന്നീട് തത്സമയ സംപ്രേഷണത്തിനായി സുപ്രീംകോടതി വെബ് കാസ്റ്റ് ചാനൽ തുടങ്ങും. ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജഡ്‌ജിമാരുടെ ഫുൾ കോർട്ട് യോഗമാണ് സുപ്രധാനമായ തീരുമാനമെടുത്തത്.

സുപ്രീംകോടതിയുടെ മുഴുവൻ നടപടികളും തത്സമയം സംപ്രേഷണം ചെയ്യുന്നതിന്റെ ആദ്യ പടിയാണിത്. ഡൽഹി സർക്കാരും ലെഫ്. ഗവർണറും തമ്മിലുള്ള അധികാര തർക്കം സംബന്ധിച്ച കേസിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ നടപടികളാണ് ആദ്യം തത്സമയം സംപ്രേഷണം ചെയ്യുക. അതേസമയം മാദ്ധ്യമങ്ങൾക്ക് തത്സമയ സംപ്രേഷണം ചെയ്യാമോയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടില്ല.

കോടതി നടപടികൾ ഉടൻ തത്സമയം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സിംഗ് കഴിഞ്ഞ ആഴ്‌ച ചീഫ് ജസ്റ്റിനും ജഡ്ജിമാർക്കും കത്തയച്ചിരുന്നു.

തത്സമയ സംപ്രേഷണ ഉത്തരവ് 2018ൽ

 തത്സമയ സംപ്രേഷണ സംബന്ധിച്ച് ഉത്തരവിട്ടത് 2018ൽ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച്

 ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയുടെ ഇ-കമ്മിറ്റി മാർഗ നിർദ്ദേശം തയ്യാറാക്കി

 ആഗസ്റ്റിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ സ്ഥാനമൊഴിയുന്ന ചടങ്ങ് തത്സമയ സംപ്രേഷണം ചെയ്തു

 ആദ്യ സംപ്രേഷണം ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ നടപടികൾ

 ഗുജറാത്ത്, ഒറീസ, കർണാടക, ഝാർഖണ്ഡ്, പട്ന, മദ്ധ്യപ്രദേശ് ഹൈക്കോടതി നടപടികൾ യൂട്യൂബിൽ തത്സമയം