supreme-court

ന്യൂഡൽഹി:എം.ജി സർവ്വകലാശാലയിൽ രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. നിയമനം അസംബന്ധമാണെന്ന് ജസ്റ്റിസ്‌മാരായ സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

കോടതിയിൽ ചോദ്യം ചെയ്യപ്പെടാത്ത മറ്റ് നിയമനങ്ങൾക്ക് വിധി ബാധകല്ലെന്നും സുപ്രീം കോടതി പറഞ്ഞു. സർവ്വകലാശാലയിലെ ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറായി രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി റാങ്ക് പട്ടികയിൽ രണ്ടാമതെത്തിയ നിഷ വേലപ്പൻ നായർക്ക് ഉടൻ നിയമനം നൽകണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സർവ്വകലാശാലയും രേഖാ രാജും സുപ്രീം കോടതിയെ സമീപിച്ചത്.

നിയമന വ്യവസ്ഥകളിൽ ഇളവ് അനുവദിക്കാൻ സർവ്വകലാശാല ചട്ടങ്ങളിൽ വ്യവസ്ഥയുണ്ടെന്ന ഹർജിക്കാരുടെ വാദം സുപ്രീം കോടതി തള്ളി. രേഖാ രാജിനും നിഷ വേലപ്പൻ നായർക്കും പി.എച്ച്.ഡി ഉണ്ടായിട്ടും ഒരാൾക്ക് മാത്രം എന്ത് കൊണ്ടാണ് പി.എച്ച്.ഡിയുടെ മാർക്ക് കണക്കാക്കിയതെന്ന് സുപ്രീം കോടതി ചോദിച്ചു. അടിസ്ഥാന യോഗ്യത നെറ്റാണെന്നും നിഷ വേലപ്പൻ നായർക്ക് നെറ്റ് ഇല്ലാത്തതിനാലാണന്നും സർവ്വകലാശാലയുടെ അഭിഭാഷക സാക്ഷി കക്കർ വാദിച്ചു. യു.ജി.സി അംഗീകാരമില്ലാത്ത ജേർണലിൽ പ്രസിദ്ധീകരിച്ച രേഖ രാജിന്റെ ലേഖനങ്ങൾക്ക് മാർക്ക് നൽകിയതിനെയും കോടതി വിമർശിച്ചു.