isro

ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ സി.ബി.ഐയുടെ ഹർജികൾ കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് കെ.എം ജോസഫ് പിന്മാറി. അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോൾ ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഹർജികളിലൊന്ന് പരിഗണിച്ച സാഹചര്യത്തിലാണ് പിന്മാറിയതെന്നാണ് സൂചന. താൻ അംഗമല്ലാത്ത ബെഞ്ച് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് ജോസഫ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.

ജസ്റ്റിസ് ഖാൻ വിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു നേരത്തെ ഈ ഹർജികൾ പരിഗണിച്ചിരുന്നത്. അദ്ദേഹം വിരമിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ലിസ്റ്റ് ചെയ്തത്. ഇന്റലിജൻസ് ബ്യൂറോ മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി ശ്രീകുമാർ, മുൻ ഡി.ജി.പി സിബി മാത്യൂസ്, എസ്.വിജയൻ, എസ്.ദുർഗാദത്ത്, പി.എസ് ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ബി.ഐ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.