
ന്യൂഡൽഹി: ചാനൽ ചർച്ചയ്‌ക്കിടെ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ്മ നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകയായ നവിക കുമാറിനെതിരെ രജിസ്റ്റർ ചെയ് എഫ്.ഐ.ആറുകൾ ഒന്നാക്കി ഡൽഹി പൊലീസിന് കീഴിലാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസാണ് (ഐ.എഫ്.എസ്.ഒ) ഇനി കേസന്വേഷിക്കുക.
നവികക്കെതിരെ എട്ട് ആഴ്‌ചത്തേക്ക് മറ്റ് നടപടികളെടുക്കരുത്. ഈ കാലയളവിൽ എഫ്.ഐ.ആറുകൾ റദ്ദാക്കാൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എം.ആ.ർ ഷാ, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട വിഷയത്തിൽ മേയ് 27ന് സ്വകാര്യ ചാനലിൽ നടന്ന ചർച്ചയ്‌ക്കിടെയായിരുന്നു നൂപുർ ശർമ്മയുടെ വിവാദ പരാമർശമുണ്ടായത്. ചർച്ച നിയന്ത്രിച്ചിരുന്ന നവിക കുമാറിനെതിരെ എന്ത് നടപടിയെടുത്തെന്ന് സുപ്രീം കോടതി പരാമർശത്തെ തുടർന്നാണ് വിവിധ സംസ്ഥാനങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.