rr

 പത്രിക സമർപ്പണം ഇന്നു മുതൽ

ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് അശോക് ഗെലോട്ട് സ്ഥിരീകരിച്ചു. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരിക്കില്ലെന്നും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം അദ്ദേഹം വ്യക്തമാക്കി. ഗെലോട്ടിന്റെ എതിരാളിയായി ഡോ ശശി തരൂർ എം.പി വരുമെന്നും ഏതാണ്ടുറപ്പാണ്.

രാജ്യത്ത് പ്രതിപക്ഷം ശക്തരാകണമെന്നും അതിനാൽ താൻ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നും ഗെലോട്ട് പറഞ്ഞു. പത്രിക എപ്പോൾ നൽകണമെന്ന് തീരുമാനിച്ചില്ല. കോൺഗ്രസ് അദ്ധ്യക്ഷനാകണമെന്ന പി.സി.സികളുടെ ആവശ്യം അംഗീകരിക്കാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗാന്ധി കുടുംബത്തിൽ നിന്ന് ആരും അദ്ധ്യക്ഷനാകരുതെന്ന് രാഹുൽ നിലപാടെടുത്തെന്നും ഗെലോട്ട് പറഞ്ഞു.

അതേസമയം നേതൃത്വത്തെ പതിവായി വിമർശിക്കുന്ന പഞ്ചാബിലെ എം.പിയും ജി 23 വക്താവുമായ മനീഷ് തിവാരി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നൽകി. തരൂർ ജി 23യുടെ സ്ഥാനാർത്ഥിയല്ലെന്നും ആർക്കു വേണമെങ്കിലും മത്സരിക്കാമെന്ന് സോണിയാ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും മനീഷ് പറയുന്നു. പഞ്ചാബിലുള്ള മനീഷ് തിവാരി അവിടത്തെ പി.സി.സി അംഗങ്ങളെ ബന്ധപ്പെടുന്നുണ്ട്. പത്രിക നൽകുമോ എന്ന് വരും ദിവസങ്ങളിൽ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗ് തള്ളി.

 ഒരാൾക്ക് ഒരു പദവി

'ഒരാൾക്ക് ഒരു പദവി" എന്ന ഉദയ്‌പൂർ ചിന്തൻ ശിബിരത്തിന്റെ തീരുമാനം എല്ലാവർക്കും ബാധകമാണെന്ന് രാഹുൽ പരസ്യമായി പറഞ്ഞതോടെ മുഖ്യമന്ത്രി പദം നിലനിറുത്തി മത്സരിക്കാനാവില്ലെന്ന് ഗെലോട്ടിന് ഉറപ്പായിരുന്നു. ഇതേ തുടർന്ന് തന്റെ എതിരാളി സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് തടയാനാവും അദ്ദേഹത്തിന്റെ അടുത്ത നീക്കം.

ഗെലോട്ട് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ ശക്തനായ എതിരാളിയോട് മത്സരിക്കുമെന്ന സൂചന നൽകി ഡോ. ശശി തരൂർ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിട്ടു. തോൽവി ഉറപ്പായാലും ധൈര്യം വിടാതെ പോരാടണമെന്ന് അർത്ഥമാക്കുന്ന തിയോഡർ റൂസ്‌വെൽറ്റിന്റെ ഉദ്ധരണിയാണ് തരൂർ പങ്കുവച്ചത്.

അതേസമയം തരൂരിനെ പാർട്ടി വക്താവ് ഗൗരവ് വല്ലഭ് വിമർശിച്ചതിനെ ഹൈക്കമാൻഡ് അപലപിച്ചിട്ടുണ്ട്. ഗെലോട്ട് മുഖ്യമന്ത്രിയായും എം.പിയായും എം.എൽ.എ ആയും കഴിവു തെളിയിച്ച നേതാവാണെന്നും സോണിയാ ഗാന്ധി ആശുപത്രിയിൽ കിടന്നപ്പോൾ കത്തയച്ചത് (ജി 23ന്റെ കത്ത്) മാത്രമാണ് ശശി തരൂർ പാർട്ടിക്ക് നൽകിയ സംഭാവനയെന്നുമായിരുന്നു വല്ലഭിന്റെ വിമർശനം.