
ന്യൂഡൽഹി: മുംബയിലെ ശിവാജി പാർക്കിൽ ദസറ റാലി സംഘടിപ്പിക്കാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന് ബോംബെ ഹൈക്കോടതിയുടെ അനുമതി. കോടതി ഉത്തരവ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് തിരിച്ചടിയായി.
റാലിക്ക് അനുമതി നിഷേധിച്ച് ബൃഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) പുറപ്പെടുവിച്ച ഉത്തരവ് ജസ്റ്റിസ് ആർ.ഡി. ധനുക, ജസ്റ്റിസ് കമാൽ ഖാത എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. വാർഷിക ദസറ റാലി നടത്താൻ ഉദ്ധവ് താക്കറെ വിഭാഗത്തിന് അനുമതി നൽകണമെന്ന് ഹൈക്കോടതി ബി.എം.സിക്ക് നിർദ്ദേശം നൽകി. ബി.എം.സിയുടെ തീരുമാനം സത്യസന്ധമല്ലെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് കോടതി വ്യക്തമാക്കി.
റാലി നടത്താൻ താക്കറെ വിഭാഗത്തിന് അവകാശമില്ലെന്ന് ബി.എം.സിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. മിലിന്ദ് സാഥെ പറഞ്ഞു. യഥാർത്ഥ ശിവസേനയെ പ്രതിനിധീകരിക്കുന്നതാരാണെന്ന വിഷയം സുപ്രീം കോടതിയിലായതിനാൽ ദസറ റാലിക്ക് അനുമതി നൽകരുതെന്ന് ചൂണ്ടിക്കാട്ടി ഏകനാഥ് ഷിൻഡയെ അനുകൂലിക്കുന്ന സർവങ്കർ എം.എൽ.എ നൽകിയ ഇടപെടൽ ഹർജിയും കോടതി തള്ളി.