rr

ന്യൂഡൽഹി: കോളിംഗ്,​ മെസേജിംഗ് ആപ്പുകളായ വാട്സ് ആപ്പ്, ഫേസ് ബുക്ക്, സൂം, ഗൂഗിൾ ഡ്യുവോ തുടങ്ങിയവയേയും ഒ.ടി.ടി (ഒാവർ ദി ടോപ്) സേവനങ്ങളെയും ടെലികോം നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന നിയമഭേദഗതിയുടെ കരട് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു. ഒക്‌ടോബർ 20വരെ ലഭിക്കുന്ന പൊതുജനാഭിപ്രായം പരിശോധിച്ച് 6-10 മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

ടെലികോം നിയമത്തിന് കീഴിലായാൽ ഇവയ്ക്ക് തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെടെ ആവശ്യമെങ്കിൽ സർക്കാരിന് കൈമാറേണ്ടി വരും. ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ, ഇലക്ട്രോണിക് മെയിൽ, വോയ്‌സ് മെയിൽ, വോയ്‌സ്, വീഡിയോ, ഡേറ്റാ കമ്മ്യൂണിക്കേഷൻ സേവനങ്ങൾ, ഫിക്‌സഡ്, മൊബൈൽ സേവനങ്ങൾ, ഇന്റർനെറ്റ്, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ, സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങൾ, ഇന്റർനെറ്റ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങൾ, വ്യക്തിഗത ആശയവിനിമയ സേവനങ്ങൾ, മെഷീൻ-ടു-മെഷീൻ ആശയവിനിമയ സേവനങ്ങൾ, ഒ.ടി.ടി തുടങ്ങിയവ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളിൽ ഉൾപ്പെടുത്തും.

ടെലികോം, ഇന്റർനെറ്റ് സേവന ദാതാക്കളുടെ ഫീസും പിഴയും ഒഴിവാക്കണമെന്ന നിർദ്ദേശവും കരടിലുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ അക്രഡിറ്റേഷനുള്ള മാദ്ധ്യമ പ്രവർത്തകരുടെ വാർത്താസന്ദേശങ്ങൾക്ക് പരിശോധനയിൽ നിന്ന് ഇളവു നൽകാനും കരടിൽ വ്യവസ്ഥയുണ്ട്. പൊതു അടിയന്തര സാഹചര്യങ്ങളും പൊതു സുരക്ഷ, ദേശീയ സുരക്ഷ, വിദേശ സംസ്ഥാനങ്ങളുമായുള്ള സൗഹൃദബന്ധം തുടങ്ങിയവ പരിഗണിച്ചായിരിക്കും ഇളവ്.


1885ലെ ഇന്ത്യൻ ടെലഗ്രാഫ് നിയമം, 1933ലെ ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി നിയമം തുടങ്ങിയവ പരിഷ്‌‌കരിച്ചാണ് പുതിയ നിയമഭേദഗതി. ടെലികോം നിയമങ്ങളെ മറ്റ് ഡിജിറ്റൽ നിയമങ്ങളുമായി യോജിപ്പിപ്പിക്കുമെന്നും ഡിജിറ്റൽ നിയമങ്ങളുടെ സമഗ്രമായ ചട്ടക്കൂട് സൃഷ്ടിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.