shinzo-abe

ന്യൂഡൽഹി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഇന്ന് നടക്കുന്ന സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്യോയിലേക്ക് തിരിച്ചു. 12 - 16 മണിക്കൂർ സന്ദർശനത്തിനിടെ സെൻട്രൽ ടോക്കിയോയിലെ നിപ്പോൺ ബുഡോകാനിലെ സംസ്‌കാര ചടങ്ങിലും തുടർന്ന് അകാസക കൊട്ടാരത്തിലെ അഭിവാദ്യ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. ജപ്പാൻ പ്രധാനമന്ത്രി കിഷിദയുമായി ഹ്രസ്വ ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു. മോദി അടക്കം 20 രാഷ്‌ട്ര തലവന്മാർ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും.

ഇന്ത്യയുടെ വലിയ സുഹൃത്തായിരുന്ന, തനിക്ക് വ്യക്തി ബന്ധമുണ്ടായിരുന്ന പ്രിയ സുഹൃത്ത് ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനാണ് ടോക്യോയിലേക്ക് പോകുന്നതെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ആബെ വിഭാവനം ചെയ്തപോലെ ഇന്ത്യ - ജപ്പാൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.