1

ന്യൂഡൽഹി:യഥാർത്ഥ ശിവസേനയെ തീരുമാനിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ തടയണമെന്ന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ ആവശ്യം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തള്ളി. ചിഹ്ന തർക്കത്തിൽ യഥാർത്ഥ ശിവസേന ഏതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന ഉത്തരവ് ഉദ്ധവ് പക്ഷത്തിന് തിരിച്ചടിയായി.

ഇതിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ്‌മാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ ഷാ, കൃഷ്ണ മുരാരി, ഹിമ കോഹ്‌ലി, പി.എസ് നരസിംഹ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ അധികാര മാറ്റത്തർക്കം സംബന്ധിച്ച ഹർജികളിൽ ഭരണഘടനാ ബെഞ്ച് ഇന്നലെ വാദം കേട്ട് തുടങ്ങി. യഥാർത്ഥ ശിവസേന തങ്ങളാണെന്ന ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന്റെ അവകാശ വാദത്തിൽ കോടതി തീരുമാനം വരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ഉദ്ധവ് വിഭാഗത്തിന്റെ അപേക്ഷ. തിരഞ്ഞെടുപ്പ് കമ്മീഷന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.

ഹർജികൾ ആഗസ്റ്റിലാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടത്. എം.എൽ.എമാരുടെ അയോഗ്യത, കൂറുമാറ്റം, ലയനം തുടങ്ങിയ കാര്യങ്ങളിൽ എട്ട് ചോദ്യങ്ങളാണ് സുപ്രീം കോടതി ഉന്നയിച്ചത്. ഇതിലാണ് ഭരണഘടനാ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. ഭരണഘടനയുടെ പത്താം അനുഛേദവുമായി ബന്ധപ്പെട്ട് സ്പീക്കറുടെയും ഗവർണറുടെയും അധികാരം, അംഗങ്ങളുടെ അയോഗ്യത തുടങ്ങിയ വിഷയങ്ങൾ ഉയർത്തുന്നതാണ് ഹർജികളെന്ന് കോടതി വിലയിരുത്തി.

ഭൂരിപക്ഷം എം.എൽ.എമാരും തങ്ങളുടെ പക്ഷത്താണെന്നും യഥാർത്ഥ ശിവസേന തങ്ങളാണെന്നും അവകാശപ്പെട്ടാണ് ഏക്‌നാഥ് ഷിൻഡെ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്.