aa

ന്യൂഡൽഹി: 10,000 കോടി രൂപയ്‌ക്ക് ഡൽഹി, അഹമ്മദാബാദ്, മുംബയ് ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് (സി.എസ്.എം.ടി) റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ നിർദ്ദേശത്തിന് കേന്ദ്രമന്ത്രി സഭായോഗം അംഗീകാരം നൽകി.

കൂടാതെ കേരളത്തിലെ മൂന്നെണ്ണമടക്കം ദക്ഷിണ റെയിൽവേക്കു കീഴിൽ 8 സ്റ്റേഷനുകളും നവീകരിക്കും. എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, കൊല്ലം എന്നിവയാണ് കേരളത്തിൽ നവീകരിക്കുന്ന സ്റ്റേഷനുകൾ. ചെന്നൈ എഗ്‌മോർ, കാട്പാടി ജംഗ്ഷൻ, മധുര, രാമേശ്വരം, കന്യാകുമാരി, പുതുച്ചേരി എന്നിവയാണ് മറ്റു സ്റ്റേഷനുകൾ. ഇതിൽ ചെന്നൈ എഗ്‌മോർ, കന്യാകുമാരി ഒഴികെയുള്ള സ്റ്റേഷനുകളിലെ പുനർനിർമ്മാണം പുരോഗമിക്കുകയാണ്.

ചെങ്ങന്നൂർ, തൃശൂർ, തമിഴ്നാട്ടിലെ കുംഭകോണം, തിരുനെൽവേലി സ്റ്റേഷനുകൾക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി,ആർ) തയ്യാറാക്കുന്നതിനുള്ള സാദ്ധ്യതാപഠനവും ദക്ഷിണ റെയിൽവേ ഏറ്റെടുത്തിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ, വർക്കല, കോഴിക്കോട്, ചെന്നൈ സെൻട്രൽ, താംബരം, ആവഡി, കോയമ്പത്തൂർ ജംഗ്‌ഷൻ, മംഗലാപുരം സെൻട്രൽ

എന്നീ സ്റ്റേഷനുകൾക്കായി ഡി.പി.ആർ തയ്യാറാക്കാൻ സാദ്ധ്യതാ പഠനം നടത്തിയിരുന്നു. പുനർവികസനത്തിനായി 38 സ്റ്റേഷനുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ ബോർഡിന്റെ അന്തിമ അനുമതിക്കും ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനത്തിനും ശേഷം പ്രവൃത്തികൾ ഏറ്റെടുക്കും.

കുട്ടികൾക്കായി കളിസ്ഥലം വരും
 ചില്ലറവില്പന കേന്ദ്രങ്ങൾ, കഫറ്റീരിയകൾ, വിനോദസൗകര്യങ്ങൾ

 നഗരത്തിന്റെ ഇരുവശങ്ങളും സ്റ്റേഷനുമായി ബന്ധിപ്പിക്കും

 ട്രാക്കുകളുടെ ഇരുവശങ്ങളിലും സ്റ്റേഷൻ കെട്ടിടം സ്ഥാപിക്കും

 ഭക്ഷണശാല, കാത്തിരിപ്പുകേന്ദ്രം, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങൾ

 നഗരത്തിലുള്ള സ്റ്റേഷനുകൾക്കു സിറ്റി സെന്റർ സൗകര്യം.

 കൃത്യമായ പ്രകാശസംവിധാനം, വഴിയടയാളങ്ങൾ /സൂചനകൾ, ശബ്ദസംവിധാനം, ലിഫ്റ്റുകൾ/എസ്കലേറ്ററുകൾ/ട്രാവലേറ്ററുകൾ എന്നിവ

 പാർക്കിംഗ് സൗകര്യം

 മെട്രോ, ബസ് തുടങ്ങിയ ഗതാഗത മാർഗങ്ങളുമായി ബന്ധിപ്പിക്കും

 പരിസ്ഥിതി സൗഹൃദമാക്കാൻ സൗരോർജം, ജലസംരക്ഷണം, റീസൈക്ളിംഗ്

 ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ

 ട്രെയിനുകൾക്ക് വരാനും പുറപ്പെടാനും പ്രത്യേകം ടെർമിനുകൾ

 സി.സി ടിവി സ്ഥാപിച്ചും പ്രവേശനനിയന്ത്രണം ഏർപ്പെടുത്തിയും സുരക്ഷാ സംവിധാനം