
ന്യൂഡൽഹി: ചെറുകിട സമ്പാദ്യ പദ്ധതികളുടെ ഒക്‌ടോബർ ഒന്നുമുതൽ ഡിസംബർ 31വരെയുള്ള പാദത്തിലെ പലിശ നിരക്ക് ഉയർത്തി. സേവിംഗ്‌സ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 4ശതമാനമായി തുടരും. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം 7.6, കിസാൻ വികാസ് പത്ര (കെ.വി.പി): 7 മെച്യൂരിറ്റി കാലയളവ്: 123 മാസം, പോസ്റ്റ് ഓഫീസ് 2 വർഷ ടേം ഡിപ്പോസിറ്റ്: 5.7, പോസ്റ്റ് ഓഫീസുകളിലെ മൂന്നുവർഷത്തെ ടേം ഡെപ്പോസിറ്റ് 5.8 ശതമാനം എന്നിങ്ങനെ കൂടി. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് (പി.പി.എഫ്) 7.1, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന് (എൻ.എസ്.സി) 6.8 ശതമാനം വാർഷിക പലിശ നിരക്ക് തുടരും. പോസ്റ്റ് ഓഫീസിലെ ഒരു വർഷം (5.5), 5വർഷം (6.7) ടേം നിക്ഷേപങ്ങളുടെയും അഞ്ച് വർഷത്തെ റെക്കറിംഗ് നിക്ഷേപത്തിന്റെയും പലിശ മാറില്ല. സുകന്യ സമൃദ്ധി യോജനയുടെ പലിശ 7.6 ശതമാനമായി നിലനിർത്തി.