rvenkitaag

ന്യൂഡൽഹി: നിർഭയമായി നിഷ്‌പക്ഷമായി ദുരുദ്ദേശമില്ലാതെ തന്റെ ഉത്തരവാദിത്വം നിർവ്വഹിക്കുമെന്ന് നിയുക്ത അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി പറഞ്ഞു. വളരെ തന്ത്രപ്രധാനമായ ഈ ചുമതല തന്നെ ഏല്പിക്കാനും തന്നിൽ വിശ്വാസമർപ്പിക്കാനും തയ്യാറായ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിയമമന്ത്രിക്കും ഞാൻ നന്ദി പറയുകയാണ്. കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജുവി​ന്റെ ഓഫീസ് പങ്കിട്ട ഒരു വീഡിയോവിൽ അദ്ദേഹം വ്യക്തമാക്കി. ഈ സ്ഥാനലബ്ധിയിലെത്താൻ കാരണക്കാരായ ഒരു പാട് പേരുണ്ട്. അവരോടും ഞാൻ നന്ദി പറയുന്നു. എന്റെ എല്ലാ സുഹൃത്തുക്കളിൽ നിന്നുമുള്ള സഹായത്തോടെ ഏറ്റവും മികച്ചരീതി​യി​ൽ ചുമതല നിർവ്വഹിക്കുമെന്നും വ്യക്തമാക്കി.

പ്രചോദനം എൻ.ആർ മാധവമേനോൻ

എല്ലാവരുടെയും ജീവിതത്തിൽ ഒരു പ്രചോദനമുണ്ടാകും. തന്റെ ജീവിതത്തിൽ പ്രചോദനമായി വന്നത് പ്രൊഫ.എൻ.ആർ. മാധവമേനോനാണെന്നും അദ്ദേഹത്തെ കണ്ടുമുട്ടിയില്ലെങ്കി​ൽ താൻ ഒരിക്കലും സുപ്രീം കോടതിയിലെത്തി​ല്ലായി​രുന്നെന്നും മുമ്പൊരിക്കൽ അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വളരെ യാദൃശ്ചികമായാണ് അദ്ദേഹം ഗുരുനാഥനും വഴികാട്ടിയുമായി മാറിയത്.

മാധവമേനോൻ ഡൽഹി യൂണിവേഴ്സിറ്റിയിലായി​രുന്നപ്പോൾ നാലുവർഷത്തെ ലീവെടുത്ത് പോണ്ടിച്ചേരി ലാ കോളേജിലെ പ്രിൻസിപ്പലായി. തന്റെ അദ്ധ്യാപകനായ അദ്ദേഹത്തോട് വലിയ സ്നേഹവും അടുപ്പവുമുണ്ടായി. താൻ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യണമെന്ന തീരുമാനം മാധവമേനോന്റെതായിരുന്നു. സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യരുമായുണ്ടായിരുന്ന സുദൃഢ ബന്ധത്തിന് കാരണവും മാധവമേനോനായിരുന്നു. ഞങ്ങൾ മൂന്ന് പേരും ഒരു കുടുംബം പോലെയായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് വിശ്വസിക്കാൻ കഴി​ഞ്ഞി​രുന്നി​ല്ല. വേർപാടിന് ശേഷം ഞാൻ അദ്ദേഹത്തോട് നേരിട്ട് സംവദിക്കുന്നത് പോലെ ഒരു കത്തെഴുതി സൂക്ഷിച്ചു. അദ്ദേഹം പൂർത്തിയാക്കാതെ പോയ പ്രവൃത്തികളും പുസ്തകങ്ങളും പൂർത്തിയാക്കാൻ മുൻകൈ എടുത്തതായും വെങ്കിട്ട രമണി ഓർത്തു. കേരള സമൂഹവുമായി വലിയ ബന്ധം നിലനിർത്തുന്ന അദ്ദേഹം എഴുപതുകളിൽ ആലപ്പുഴയിലുണ്ടായിരുന്നു. പിതാവ് ആലപ്പുഴയിലെ സ്പിന്നിംഗ് മിൽ ഉദ്യോഗസ്ഥനായിരുന്നു.