
സ്ഥാനാർത്ഥികളായി ഖാർഗെ, തരൂർ, ത്രിപാഠി
ന്യൂഡൽഹി:ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒരിക്കൽ കൂടി ഒരു ദളിത് അദ്ധ്യക്ഷൻ വരാൻ കളമൊരുക്കി കർണാടകയിൽ നിന്നുള്ള ഉന്നത നേതാവും ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനുമായ മല്ലികാർജ്ജുന ഖാർഗെ (80) ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെ ഇന്നലെ നാമനിർദ്ദേശ പത്രിക സമപ്പിച്ചു. ജഗജ്ജീവൻ റാമിന് ശേഷം കോൺഗ്രസ് പ്രസിഡന്റാവുന്ന ദളിത് നേതാവായിരിക്കുംഖാർഗെ. ബി.ജെ.പിയുടെ ദളിത് രാഷ്ട്രീയത്തിനുള്ള മറുപടികൂടിയാണ് ദളിതനെ അദ്ധ്യക്ഷനാക്കാനുള്ള നീക്കം.
പാർട്ടിയിൽ പരിഷ്കാരം ആവശ്യപ്പെട്ട് നേതൃത്വത്തെ വിമർശിച്ച ജി- 23 നേതാക്കളുടെ അടക്കം പിന്തുണയോടെ പതിനാല് സെറ്റ്പത്രിക സർപ്പിച്ചു.
കേരളത്തിലെ പതിനഞ്ച് പേർ അടക്കം 50 നേതാക്കളുടെ പിന്തുണയോടെ ശശി തരൂർ അഞ്ചുസെറ്റ് പത്രിക നൽകി. ജാർഖണ്ഡിലെ മുൻ മന്ത്രി കെ.എൻ. ത്രിപാഠിയും സ്ഥാനാർത്ഥിയാണ് .ഇന്നാണ് സൂക്ഷ്‌മ പരിശോധന. പത്രിക പിൻവലിക്കാനുള്ള തീയതിയായ ഒക്‌ടോ. എട്ടിന് അന്തിമ ചിത്രം തെളിയും.
17നാണ് തിരഞ്ഞെടുപ്പ്.
ദിഗ്‌വിജയ് സിംഗിനെ പിൻവലിച്ചാണ് ഖാർഗെയെ അവതരിപ്പിച്ചത്. ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹൈക്കമാൻഡ് പിന്തുണയുള്ളതിനാൽ ഭൂരിപക്ഷം ഉറപ്പാണ്.
എ.കെ. ആന്റണി, അശോക് ഗെലോട്ട്, ദിഗ്‌വിജയ സിംഗ്, അംബികാ സോണി, അജയ് മാക്കൻ, അഭിഷേക് സിംഗ്‌വി, താരിഖ് അൻവർ, സൽമാൻ ഖുർഷിദ്, നാരായണ സ്വാമി, പവൻകുമാർ ബൻസൽ തുടങ്ങിയ പ്രമുഖർ ഖാർഗെയെ പിന്തുണച്ചവരിൽ ഉൾപ്പെടുന്നു. ആനന്ദ് ശർമ്മ, മനീഷ് തിവാരി, പൃഥ്വിരാജ് ചവാൻ, ഭൂപീന്ദർ സിംഗ് ഹൂഡ, മുകുൾ വാസ്‌നിക് എന്നീ ജി -23 നേതാക്കളും പിന്തുണച്ചു.
പ്രകടന പത്രിക
ഇറക്കി തരൂർ
കോൺഗ്രസ് അദ്ധ്യക്ഷനും ഭാരവാഹികൾക്കും രണ്ട് വർഷം കാലാവധി, അഞ്ച് മേഖലകളിൽ നിന്ന് വൈസ് പ്രസിഡന്റുമാർ തുടങ്ങിയ പരിഷ്‌കാരങ്ങൾ വിശദീകരിക്കുന്ന പ്രകടന പത്രികയും തരൂർ പുറത്തിറക്കി. അതിൽ ഇന്ത്യയുടെ ഭൂപടം തെറ്റിയത് വിവാദമായതിനെ തുടർന്ന് തിരുത്തി.
ഹൈക്കമാൻഡിന്റെ
വിശ്വസ്‌തൻ
വ്യാഴാഴ്‌ച രാത്രിയാണ് ഖാർഗെയോട് സ്ഥാനാർത്ഥിയാവാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടത്. കോൺഗ്രസിലും ഭരണ-പ്രതിപക്ഷ പാർട്ടികളിലുമുള്ള വ്യക്തിബന്ധവും പ്രതിപക്ഷ നേതാവായുള്ള പാർലമെന്റിലെ പ്രകടനവും കണക്കിലെടുത്തു. കർണാടകയിലെ ബിദർ ജില്ലയിൽ വാരാവട്ടിയിൽ ആദിദ്രാവിഡ ദളിത് സമുദായത്തിൽ ജനിച്ച ഖാർഗെ സ്‌കൂൾ രാഷ്‌ട്രീയത്തിലൂടെ വളർന്ന നേതാവാണ്. പി.സി.സി അദ്ധ്യക്ഷൻ, ഏഴ് തവണ സംസ്ഥാന മന്ത്രി, പ്രതിപക്ഷ നേതാവ്, 2009ൽ പാർലമെന്റ് അംഗം, മൻമോഹൻസിംഗ് സർക്കാരിൽ മന്ത്രി, 2014ൽ ലോക്‌സഭാ നേതാവ്, 2019ൽ രാജ്യസഭാ പ്രതിപക്ഷ നേതാവ്. ഇരട്ടപദവി വിഷയം ഉന്നയിക്കപ്പെട്ടാൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടി വരും.