
മൂവാറ്റുപുഴ: ഇ.ഇസി മാർക്കറ്റ് റോഡിലെ ഓട നിർമ്മാണത്തിന് തടസമായി നിന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാൻ ആരംഭിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പുതിയ പോസ്റ്റുകൾ സ്ഥാപിക്കാൻ തുടങ്ങിയത്.
ഇ.ഇ.സി മാർക്കറ്റ് റോഡ് നവീകരണത്തിന്റെ ഭാഗമായി പണിത ഓടയിൽ വെള്ളം ഒഴുകി പോകാത്തനിലയിൽ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ചതും വളഞ്ഞുപുളഞ്ഞ നിർമ്മാണവും വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ഒന്നേകാൽകോടിരൂപ ചെലവിൽ ഇ.ഇ.സി മാർക്കറ്റ് റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്യുകയും ഇരുവശവും മനോഹരമാക്കുകയുമാണ് നവീകരണത്തിന്റെ ലക്ഷ്യം. നഗരസഭയുടെയും കൃഷി വകുപ്പിന്റെയും കീഴിലായിരുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തശേഷമുള്ള ആദ്യ ടാറിംഗാണിത്. നവീകരണത്തിന്റെ ഭാഗമായി ഓട നിർമ്മിക്കുന്നതിന് മുൻപ് റോഡരുകിലെ ഇലക്ട്രിക് പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി അധികൃതർക്ക് കത്ത് നൽകേണ്ടാണ്. വകുപ്പ് മേധാവി ഇടപെട്ട് പോസ്റ്റുകൾ നീക്കംചെയ്ത് ഓട നിർമ്മിക്കേണ്ടതായിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെ ഓട നിർമ്മിച്ചതാണ് പരാതിയുയരാൻ കാരണം.