parking

ആലുവ: റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിംഗിന്റെ മറവിൽ നടക്കുന്ന പണംകൊള്ളയ്ക്കെതിരെ പ്രതിഷേധം ശക്തം. വാഹന പാർക്കിംഗിന് വൻതുക ഈടാക്കാൻ കരാറുകാരന് റെയിൽവേ അനുമതി നൽകിയതും ജനം കാണുംവിധം നിരക്ക് ബോർഡ് പ്രദർശിപ്പിക്കാത്തതുമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.

പാർക്കിംഗ് നിരക്കിനെ ചൊല്ലി ആലുവ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരും കരാറുകാർ നിയോഗിച്ച പിരിവുകാരും തമ്മിലെ തർക്കം പതിവായിരിക്കുകയാണ്. ജനങ്ങളെ ഞെക്കിപ്പിഴിയുന്ന നടപടിയാണ് റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം അമിതതുകയുടെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവുമായുണ്ടായ തർക്കം പൊലീസ് ഇടപെടലിലാണ് കലാശിച്ചത്. യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം വൈസ് പ്രസിഡന്റ് താഹിർ ചാലക്കൽ റെയിൽവേ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്തശേഷം മൂന്നാം ദിവസം ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോൾ ലഭിച്ചത് 1500 രൂപയുടെ രസീതാണ്. പ്രീമിയം പാർക്കിംഗ് ഏരിയയാണെന്നും മണിക്കൂറിന് 30 രൂപയാണെന്നുമാണ് പിരുവുകാർ പറഞ്ഞത്. 500 രൂപയിലധികം നൽകില്ലെന്നും അല്ലെങ്കിൽ കരാറുകാരന്റെ നമ്പർ നൽകാനും ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ വിസമ്മതിച്ചു. വാഹനം തടഞ്ഞിട്ടതോടെ സ്ഥലത്തെത്തിയ പൊലീസ് കരാറുകാരോടും പരാതിക്കാരോടും സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചാണ് പ്രശ്നം അവസാനിപ്പിച്ചത്.

പ്രീമിയം ഏരിയയാണെന്ന് പറയുന്നുണ്ടെങ്കിലും ചെളിയിലും മാലിന്യത്തിലുമാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ആലുവ സ്റ്റേഷന് മുന്നിൽ വലതുവശം പ്രീമിയം പാർക്കിംഗ് ഏരിയയും ഇടതുവശം ടാക്സി സ്റ്റാൻഡുമാണ്. സാധാരണ നിരക്കിലെ പാർക്കിംഗ് സൗകര്യമുള്ളത് ആർ.എം.എസിന് പിന്നിലാണ്. ഇവിടെ പലപ്പോഴും അടഞ്ഞുകിടക്കും. അഥവാ പാർക്ക് ചെയ്താൽ തന്നെ രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞ് മടങ്ങിയെത്തിയാൽ വാഹനവുമായി സർവീസ് സ്റ്റേഷനിലേക്ക് പോകേണ്ടിവരും. വാഹനത്തിൽ കാക്കകളുടെയും മറ്റു പക്ഷികളുടെയും കാഷ്ടം നിറയുന്നതാണ് ഇതിനു കാരണം.

റെയിൽവേ നിശ്ചയിച്ച നിരക്കെന്ന് സ്റ്റേഷൻ മാനേജർ

റെയിൽവേ നിശ്ചയിച്ച് നൽകിയതിലും അധികം തുക പാർക്കിംഗിന് ഈടാക്കിയാൽ നടപടിയെടുക്കുമെന്നും അമിത നിരക്കിന്റെ പേരിൽ പരാതി ലഭിച്ചിട്ടില്ലെന്നും ആലുവ സ്റ്റേഷൻ മാനേജർ സുനിൽകുമാർ പറഞ്ഞു. ഡിവിഷൻ ഓഫീസിൽ നിന്നാണ് വാഹനങ്ങളുടെ ഫീസ് നിശ്ചയിച്ച് നൽകിയത്. പാലക്കാട് സ്വദേശിയാണ് പാർക്കിംഗ് കരാറെടുത്തിട്ടുള്ളത്. പ്രീമിയം പാർക്കിംഗിന് 1012 ചതുരശ്ര മീറ്ററും സാധാരണ പാർക്കിംഗിന് 2351 ചതുരശ്ര മീറ്റർ സ്ഥലവുമാണ് അനുവദിച്ചിട്ടുള്ളത്.