വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ടൂറിസം മേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. സാംസ്‌കാരിക, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ മൂന്നു മുതൽ ആറു വരെ കുഴുപ്പിള്ളി ബീച്ച്, എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പരിപാടികൾ. അഞ്ചു സംസ്ഥാനങ്ങളിലെ 85 കലാകാരന്മാർ പങ്കെടുക്കും.
കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ, സൗത്ത് സോൺ കൾച്ചറൽ സെന്റർ, ഡി. ടി. പി. സി, കേരള കലാമണ്ഡലം, കാലടി ശ്രീശങ്കരാചാര്യ സർവ്വകലാശാല, കുടുംബശ്രീ, ഗ്രന്ഥശാലാസംഘം, ഗ്രെയ്റ്റർ കൊച്ചി കൾച്ചറൽ സ്‌പോർട്ട്‌സ് ഫോറം, റസിഡന്റ്‌സ് അസോസിയേഷനുകൾ, വാവ തുടങ്ങി വിവിധ സാംസ്‌കാരിക സാമൂഹിക സംഘടനകളുടെ പങ്കാളിത്തതോടെയാണ് മേള. സാംസ്‌കാരിക സമ്മേളനങ്ങൾ, നൃത്തനൃത്ത്യങ്ങൾ, ഗാനമേള, കവി സദസ്,ഗസൽ, വടംവലി, ബീച്ച് ജൂഡോ നാടൻ പാട്ട് എന്നിവ നടക്കും.
അഞ്ചിന് ഗ്രാമോത്സവത്തിൽ നാട്ടുകാരായ പ്രതിഭകളുടെ കലാപ്രകടനങ്ങൾ, ആറിന് അസം, പഞ്ചാബ്, ഗുജറാത്ത്, കർണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കലാകാരന്മാരുടെ നൃത്തങ്ങൾ എന്നിവയുണ്ടാകും. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ.( ചെയർമാൻ), കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ (സെക്രട്ടറി) , ഗ്രന്ഥശാലാ സംഘം താലൂക്ക് സെക്രട്ടറി ഒ. കെ. കൃഷ്ണകുമാർ (കോ-ഓർഡിനേറ്റർ) എന്നിവരോടൊപ്പം 251 അംഗ നിർവ്വാഹക സമിതിയെയും തിരഞ്ഞെടുത്തു.