
ആലങ്ങാട്: ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ശുചീകരണമാരംഭിച്ച നിർത്തിത്തോടിൽ നിന്ന് നീക്കം ചെയ്ത പായലും മാലിന്യങ്ങളും വീണ്ടും തോട്ടിലേക്ക് ഒലിച്ചിറങ്ങി. കരുമാല്ലൂർ പഞ്ചായത്തിലെ നാറാണത്ത് നിന്നാരംഭിച്ച് ആലങ്ങാട് മേത്താനം പുഴയിൽ അവസാനിക്കുന്ന 10 കിലോ മീറ്റർ ദൈർഘ്യമുള്ള തോടിന്റെ ശുചീകരണമാണ് തുടക്കത്തിലേ പാളിയത്.കല്ലറയ്ക്കൽ പാലത്തിന് സമീപം തോട്ടിൽ നിന്ന് നീക്കം ചെയ്ത പായലും മരച്ചില്ലകളും മഴയത്ത് തോട്ടിൽ തിരിച്ചെത്തി.
ചെളിയും പായലും നിറഞ്ഞ് ഒഴുക്കു നിലച്ച തോട്ടിൽ നിന്ന് വാരി തീരത്തു നിക്ഷേപിച്ച മാലിന്യങ്ങളാണ് മഴയത്ത് വീണ്ടും തോട്ടിലേക്കെത്തിയത്. 1.38 കോടി രൂപ ചെലവഴിച്ചാണ് തോട് നവീകരിക്കുന്നത്. മാലിന്യം നീക്കി നീരൊഴുക്ക് പുന:സ്ഥാപിക്കുന്നതു കൂടാതെ പ്രധാനയിടങ്ങളിൽ കുളിക്കടവും നിർമ്മിക്കും. കരുമാല്ലൂരിൽ നിന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് മന്ത്രി പി. രാജീവാണ് തുടക്കം കുറിച്ചത്. മാലിന്യം നീക്കാൻ കരാറുകാർ തയ്യാറായിട്ടില്ല.