angry
f

കൊച്ചി: സ്വതന്ത്രജീവിതം ആസ്വദിക്കുന്നതു തടയുന്ന ദുരാചാരമായാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്ന് ഹൈക്കോടതി. 'ഗുഡ്ബൈ' പറഞ്ഞു വേർപിരിയാൻ കഴിയുന്ന ലിവ് -ഇൻ റിലേഷൻഷിപ്പുകൾ വർദ്ധിക്കുകയാണെന്നും എന്തും ഉപയോഗിച്ച് വലിച്ചെറിയുന്ന ഉപഭോക്‌തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് സോഫി തോമസ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഭാര്യ ക്രൂരമായി പെരുമാറുന്നെന്ന് ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി നൽകിയ ഹർജി തള്ളിയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

യുവാവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ഭാര്യയുടെ വാദം അംഗീകരിച്ച് നേരത്തേ ആലപ്പുഴ കുടുംബക്കോടതി വിവാഹമോചന ഹർജി തള്ളിയിരുന്നു.

വഴിവിട്ട ബന്ധത്തിനുവേണ്ടി ഭാര്യയെയും മക്കളെയും ഉപേക്ഷിക്കാൻ കോടതിയുടെ സഹായം തേടാനാവില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി വിവാഹ ബന്ധങ്ങൾ ശിഥിലമാകുന്നതിലുള്ള ആശങ്ക പങ്കുവച്ചത്. ലൈംഗിക ചോദന പരിഹരിക്കാനുള്ള വെറും ആചാരമല്ല വിവാഹം.

ഇപ്പോൾ ഭാര്യ എന്നാൽ

അന്തമില്ലാത്ത ആവലാതി

'വൈഫ്' (ഭാര്യ) എന്ന വാക്കിന്റെ വിപുലമായ അർത്ഥം 'വൈസ് ഇൻ‌വെസ്റ്റ്‌മെന്റ്സ് ഫോർ എവർ' (എന്നേക്കുമുള്ള മുതൽക്കൂട്ട് ) ആണെന്ന പഴയ കാഴ‌്‌ചപ്പാടിനെ 'വറീസ് ഇൻവൈറ്റഡ് ഫോർ എവർ' (അന്തമില്ലാത്ത ആവലാതി) എന്നാക്കി പുതിയ തലമുറ തിരുത്തിയെന്ന് ഹൈക്കോടതി പറഞ്ഞു. കലഹിക്കുന്ന ദമ്പതികളും ഉപേക്ഷിക്കപ്പെട്ട കുട്ടികളും ആശ്രയമില്ലാതാകുന്ന വിവാഹ മോചിതരും വർദ്ധിക്കുന്നതോടെ സമൂഹത്തിന്റെ ശാന്തത നഷ്ടമാകുമെന്നും പുരോഗതിയെ തടസപ്പെടുത്തുമെന്നും കോടതി മുന്നറിയിപ്പു നൽകി.

കേസിന്റെ ചരിത്രം

2008 ഫെബ്രുവരി 9നാണ് ഹർജിക്കാരനും യുവതിയും വിവാഹിതരായത്. ഇവർക്ക് മൂന്നു പെൺകുട്ടികളുണ്ട്. സൗദിയിൽ ജോലി ചെയ്തിരുന്ന ദമ്പതികൾ 2018 വരെ സ്നേഹത്തിലായിരുന്നു. പിന്നീട്, ഭാര്യ തന്നോടു ക്രൂരമായി പെരുമാറുന്നെന്നും കൊല്ലാൻ ശ്രമിച്ചെന്നും ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ മറ്റൊരു സ്ത്രീയുമായി ഹർജിക്കാരനു ബന്ധമുണ്ടെന്ന് ഭാര്യ വിശദീകരിച്ചു. യുവാവിന്റെ അമ്മയും ഇതിനോടു യോജിച്ചു. ഈ വസ്തുതകൾ കണക്കിലെടുത്താണ് കുടുംബക്കോടതിയും ഹൈക്കോടതിയും ഹർജി തള്ളിയത്.